കോഴിക്കോട്: മാമി തിരോധാനക്കേസിൽ പൊലീസ് നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. മാമിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുൻപ് ചോദ്യം ചെയ്ത് വിട്ടയച്ചവർക്ക് പങ്കുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
കോഴിക്കോട് സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ 2023 ഓഗസ്റ്റ് 21-നാണ് കാണാതായത്. സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ വകുപ്പ് ചുമത്തി ക്രൈം ബ്രാഞ്ച് നേരത്തെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ആദ്യം നടക്കാവ് പൊലീസ് അന്വേഷിച്ച കേസിൽ അന്വേഷണ വീഴ്ചകൾ സംഭവിച്ചതായി വ്യാപക ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സ്‌ക്വാഡും കേസ് അന്വേഷിച്ചു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബം ശക്തമാക്കി രംഗത്തെത്തിയതിനിടയിലാണ് സംസ്ഥാന സർക്കാർ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്