ചെന്നൈ: ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട അനുശ്രീ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി നിരസിച്ചത്. ക്ഷേത്രപ്രവേശനം ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ഹർജിക്കാരിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഈ വർഷം താനടക്കം 15 പേർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന് അനുശ്രീ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വ്യക്തിപരമായി ബാധിച്ച ഒരു വിഷയത്തെ എങ്ങനെയാണ് പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാനാവുകയെന്ന് കോടതി ചോദിച്ചു. വ്യക്തിപരമായ പരാതി ഉന്നയിക്കുന്നതോടെ അത് പൊതുതാൽപര്യ ഹർജിയല്ലാതായി മാറുമെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, ഈ ഹർജി മദ്രാസ് ഹൈക്കോടതിയിൽ എങ്ങനെ നിലനിൽക്കുമെന്നും ബെഞ്ച് ആരാഞ്ഞു.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ഹൈക്കോടതിക്ക് മാത്രമേ ഈ വിഷയത്തിൽ ഇടപെടാൻ അധികാരമുള്ളൂവെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ എതിർകക്ഷികളെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്നതും കോടതി ചൂണ്ടിക്കാട്ടി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാൾ ഇതിനോടകം തന്നെ സമാനമായ ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, അവിടെ നോട്ടീസ് അയച്ച് കേസ് പരിഗണനയിലാണെന്നും കോടതി അറിയിച്ചു. ഇതോടെ ഹർജിക്കാരി ഹർജി പിൻവലിക്കാൻ സന്നദ്ധത അറിയിക്കുകയും തുടർന്ന് കോടതി കേസ് തള്ളുകയുമായിരുന്നു.
ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോടതിയെ സമീപിക്കണമെന്ന് നിർദേശം