എത്ര കേട്ടാലും മതിവരാത്ത മാന്ത്രിക സ്വരം; കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 63-ാം പിറന്നാൾ
മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 63 ആം പിറന്നാള്‍. തമിഴിന്റെ ചിന്നക്കുയില്‍, കന്നഡയുടെ കോകില അങ്ങനെ ഒട്ടേറെ വിശേഷണങ്ങളുണ്ട് കെ.എസ്.ചിത്ര എന്ന് നമ്മുടെ സ്വന്തം വാനമ്പാടിക്ക്. മലയാളിയുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം തഴുകിയൊഴുകിയ ആ മധുരസ്വരത്തിന് ഒരായിരം ആശംസകള്‍ നേരുന്നു.
മലയാളികളുടെ അഭിമാനം
ചിത്രയുടെ ശബ്ദം മലയാളത്തിന്റെ ഐഡന്റിന്റിയാണ്. മലയാളികളുടെ കാതില്‍ പതിഞ്ഞ എത്രയെത്ര പാട്ടുകള്‍.എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ പത്മരാജന്‍ ചിത്രമായ 'നവംബറിന്റെ നഷ്ടം' എന്ന സിനിമയിലെ 'അരികിലോ അകലെയോ' എന്ന ഗാനത്തിലൂടെയാണ് ചിത്ര ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രയെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാക്കി. 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന ചിത്രത്തിലെ 'ആളൊരുങ്ങി, അരങ്ങൊരുങ്ങി' എന്ന ഗാനം മലയാളികള്‍ നെഞ്ചേറ്റിയതോടെ ചിത്ര ജനപ്രിയ ഗായികയായി മാറി. 'കളിയില്‍ അല്‍പം കാര്യം', 'ആരാന്റെ മുല്ല കൊച്ചു മുല്ല', 'അടുത്തടുത്ത്', 'പുന്നാരം ചൊല്ലി ചൊല്ലി' തുടങ്ങിയ ചിത്രങ്ങളിലൂടെ അവര്‍ മലയാള സംഗീത ലോകത്ത് സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിച്ചു.
യേശുദാസിനൊപ്പമുള്ള തുടക്കം
കരിയറിന്റെ ആദ്യകാലങ്ങളില്‍ ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിനൊപ്പം നടത്തിയ സ്റ്റേജ് ഷോകളാണ് ചിത്രയിലെ ഗായികയ്ക്ക് വലിയ കരുത്തായത്. തുടര്‍ന്ന് തമിഴില്‍ ഇളയരാജയുടെ സംഗീതത്തില്‍ 'നീ താനേ അന്തക്കുയില്‍' എന്ന ചിത്രത്തില്‍ പാടിയതോടെ ദക്ഷിണേന്ത്യയിലാകെ ചിത്ര തരംഗമായി മാറി.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നേടിയ ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രയെ ഇന്ത്യന്‍ സംഗീതത്തിന്റെ മുന്‍നിര ഗായികമാരിലൊരാളായി ഉയര്‍ത്തിയത്. 1986ല്‍ തമിഴ് ചിത്രമായ 'സിന്ധുഭൈരവി'യിലെ 'പാടറിയേന്‍ പഠിപ്പറിയേന്‍...' എന്ന ഗാനത്തിലൂടെയാണ് ആദ്യ ദേശീയ അവാര്‍ഡ് ചിത്ര സ്വന്തമാക്കിയത്. 1987ല്‍ ബോംബെ രവിയുടെ ഈണത്തില്‍ 'നഖക്ഷതങ്ങള്‍' എന്ന ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...' എന്ന എവര്‍ഗ്രീന്‍ ഗാനത്തിന് രണ്ടാമത്തെ ദേശീയ അവാര്‍ഡ് ലഭിച്ചു. ബോംബെ രവി തന്നെ സംഗീതസംവിധാനം നിര്‍വ്വഹിച്ച 'വൈശാലി'യിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി...' ഉള്‍പ്പെടെയുള്ള മനോഹര ഗാനങ്ങള്‍ ചിത്രക്ക് മൂന്നാമതും ദേശീയ അംഗീകാരം നേടിക്കൊടുത്തു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ (6 തവണ) മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ചരിത്രവും കെ.എസ്. ചിത്രയ്ക്ക് സ്വന്തമാണ്:
1986: 'സിന്ധുഭൈരവി' (തമിഴ്) - 'പാടറിയേന്‍ പഠിപ്പറിയേന്‍...'
1987: 'നഖക്ഷതങ്ങള്‍' (മലയാളം) - 'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...'
1988: 'വൈശാലി' (മലയാളം) - 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി...'
1996: 'മിന്‍സാര കനവ്' (തമിഴ്) - 'ഊ ലല ല...' (എ.ആര്‍. റഹ്‌മാന്‍ സംഗീതം)
1997: 'വിരാസാത്' (ഹിന്ദി) - 'പായലേ ചും ചും...'
2004: 'ഓട്ടോഗ്രാഫ്' (തമിഴ്) - 'ഒവ്വോരു പൂക്കളുമേ...'
ദേശീയ അവാര്‍ഡുകള്‍ക്ക് പുറമെ 16 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, 9 തവണ ആന്ധ്ര സര്‍ക്കാരിന്റെ പുരസ്‌കാരവും, 4 തവണ തമിഴ്നാട് സര്‍ക്കാരിന്റെയും 3 തവണ കര്‍ണാടക സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങളും ചിത്ര സ്വന്തമാക്കി. 2005-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചപ്പോള്‍, 2011-ല്‍ ചെന്നൈ സത്യഭാമ സര്‍വ്വകലാശാല ചിത്രയ്ക്ക് ഡോക്ടറേറ്റ് പദവിയും നല്‍കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.