250 കോടി ക്ലബിലേക്ക് 'ജനനായകൻ ,കേരളത്തിലും വിജയ് തരംഗം തുടരുന്നു
തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് ശേഷം വിജയ് നായകനായി റിലീസ് ചെയ്ത 'ജനനായകൻ' ബോക്സ് ഓഫീസിൽ വമ്പൻ വിജയത്തിലേക്ക് കുതിക്കുന്നു. ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 250 കോടി രൂപയിലേക്ക് അടുക്കുമ്പോൾ, കേരളത്തിൽ നിന്ന് മാത്രം ചിത്രം 14 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയതായാണ് ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിലീസ് ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ വാരാന്ത്യത്തിൽ ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം, പ്രവർത്തി ദിനമായ ആദ്യ തിങ്കളാഴ്ചയും അതേ ആവേശം നിലനിർത്തി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ഷോകളും അതിവേഗം നിറയുന്ന പ്രദർശനങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രഖ്യാപിച്ച വിജയ് അഭിനയിച്ച അവസാന ചിത്രമെന്ന പ്രത്യേകതയും 'ജനനായകന്' വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നുണ്ട്. പ്രിയതാരത്തെ അവസാനമായി വെള്ളിത്തിരയിൽ കാണാൻ എല്ലാ പ്രായക്കാരായ ആരാധകരും കുടുംബപ്രേക്ഷകരും തിയേറ്ററുകളിലേക്ക് ഒഴുകുകയാണ്. പല കേന്ദ്രങ്ങളിലും ആരാധകരുടെ ആഘോഷങ്ങളും കരഘോഷങ്ങളും ചിത്രത്തിന്റെ പ്രദർശനങ്ങൾക്ക് ആവേശം പകരുകയാണ്.
നിരവധി പ്രതിസന്ധികളും റിലീസ് വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിജീവിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നിട്ടും ബോക്സ് ഓഫീസിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്ന അപൂർവ ചിത്രങ്ങളിലൊന്നായി 'ജനനായകൻ' മാറിയിരിക്കുകയാണ്. ഇന്ത്യയിൽ വിവിധ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിനായി ഇതുവരെ 5.8 മില്യണിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയിക്ക് പുറമെ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കലാമൂല്യമുള്ളതും വാണിജ്യവിജയം നേടിയതുമായ ചിത്രങ്ങൾ നിർമ്മിച്ച കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സത്യൻ സൂര്യൻ ഛായാഗ്രഹണവും അനൽ അരശ് ആക്ഷൻ കൊറിയോഗ്രാഫിയും നിർവഹിച്ച ചിത്രത്തിന്റെ ആർട്ട് ഡയറക്ഷൻ വി. സെൽവ കുമാർ ആണ്. ശേഖർ, സുധൻ എന്നിവർ നൃത്തസംവിധാനവും അറിവ് ഗാനരചനയും നിർവഹിക്കുന്നു. പല്ലവി സിംഗ് (കോസ്റ്റ്യൂം), ഗോപി പ്രസന്ന (പബ്ലിസിറ്റി ഡിസൈൻ), നാഗരാജ് (മേക്കപ്പ്), വീര ശങ്കർ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ പി.ആർ.ഒയും മാർക്കറ്റിംഗ് കൺസൾട്ടന്റും പ്രതീഷ് ശേഖർ ആണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.