സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. കനത്ത മഴയെ തുടർന്ന് ഇടുക്കി കുമളി ടൗണിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും കോഴിക്കോട് താമരശ്ശേരിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിയുകയും ചെയ്തു. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു 10 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. നാളെ ഒമ്പത് ജില്ലകളിലും മറ്റന്നാൾ 10 ജില്ലകളിലും ഞായറാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ടാകും.
കോഴിക്കോട്ടെ മലയോര മേഖലയിൽ അതിശക്തമായ മഴയാണ് നിലവിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കുറ്റ്യാടി, നാദാപുരം, താമരശ്ശേരി, മുക്കം തുടങ്ങി വിവിധ മേഖലകളിലെല്ലാം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരുകയാണ്.
സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും ദിവസങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യത