തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ വ്യാപക പരിശോധനയ്ക്ക് നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. മലപ്പുറത്ത് 'എഫ് ട്യൂൺ' (F Tune) എന്ന പേരിലുള്ള ഫേസ്‌ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ. ഇത്തരം ഉൽപ്പന്നങ്ങളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്ന വ്‌ളോഗർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദ്ദേശം നൽകി. അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയാൽ അവയുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും. മംഗലാപുരം - കാസർകോട് മേഖലകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വഴിയാണ് ഇത്തരം വസ്തുക്കൾ സംസ്ഥാനത്തേക്ക് വ്യാപകമായി വിറ്റഴിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
വൃക്ക, കരൾ, ഞരമ്പ് സംബന്ധമായ ഗുരുതര രോഗങ്ങൾക്കും സ്കിൻ കാൻസറിനും ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ കാരണമാകുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പാകിസ്താൻ വഴിയെത്തുന്ന പല ഉൽപ്പന്നങ്ങളിലും നിർമ്മാതാക്കളുടെ പേര്, നിർമ്മാണ തീയതി, കാലാവധി എന്നിവയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.
സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജ പരസ്യം നൽകി ഗുളികകൾ, ഓയിൻമെന്റ്, തൈലം എന്നിവ വിറ്റഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പെടെയുള്ളവ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മലപ്പുറം അരീക്കോടാണ് മുഖകാന്തി വർധിപ്പിക്കാനെന്ന പേരിൽ വിൽക്കപ്പെട്ട എഫ് ട്യൂൺ ക്രീം ഉപയോഗിച്ചതിനെ തുടർന്ന് 17-കാരിക്ക് വൃക്കരോഗം ബാധിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡ്രഗ് കൺട്രോളറെ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
പെൺകുട്ടി ഉപയോഗിച്ച ക്രീമിന് ഡ്രഗ് കൺട്രോളറുടെ ഔദ്യോഗിക അനുമതി ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ നിലവിൽ പരിശോധിച്ചുവരികയാണ്. ഡ്രഗ് കൺട്രോളറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം തിങ്കളാഴ്ച പ്രത്യേക അന്വേഷണ സമിതിയെ നിയമിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
നിയമനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പെൺകുട്ടി വ്യക്തമാക്കി. കൺസ്യൂമർ കോടതിയെ സമീപിക്കുമെന്നും നിലവിൽ ഈ ക്രീം ഉപയോഗിക്കുന്നവരുണ്ടെങ്കിൽ ഉടൻ നിർത്തണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. താൻ അനുഭവിച്ച പ്രയാസങ്ങൾ മറ്റാർക്കും ഉണ്ടാകരുതെന്നും മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൊടികൾക്കും പൂട്ടുവീഴും; വ്‌ളോഗർമാർക്കെതിരെയും കർശന നടപടി; ആരോഗ്യമന്ത്രി