സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്; കണ്ണൂർ–കാസർഗോഡ് തീരങ്ങളിൽ ഇന്ന് വൈകിട്ട് വരെ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചില തീരപ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 5.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ രൂപപ്പെടാനും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും ഉൾപ്പെടുന്ന തീരമേഖലകളിലാണ് പ്രത്യേക ജാഗ്രത നിർദേശിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കടൽക്ഷോഭം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യമായാൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കുന്നത് ഈ സമയത്ത് പൂർണമായും ഒഴിവാക്കണം.
കള്ളക്കടൽ പ്രതിഭാസമുള്ള സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരമാലകൾ ശക്തമായ സമയങ്ങളിൽ ബോട്ടുകൾ കടലിലിറക്കുകയോ കരയ്ക്കടുപ്പിക്കുകയോ ചെയ്യരുതെന്നാണ് നിർദേശം.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദ പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും പരസ്പരം സുരക്ഷിത അകലം പാലിക്കുകയും വേണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
തീരശോഷണത്തിനും കടലാക്രമണത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.