തിരുവനന്തപുരം: മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ കിടന്നുറങ്ങാൻ കഴിയാതെ സഹായം അഭ്യർത്ഥിച്ച വിഴിഞ്ഞം മുല്ലൂർ സർക്കാർ കെ.വി എൽ.പി.എസിലെ ഒന്നാം ക്ലാസുകാരി റുവാനിക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊട്ടാരക്കര ആസ്ഥാനമായുള്ള എം.ജി.എം (MGM) ഗ്രൂപ്പ് നിർമ്മിച്ച് നൽകിയ 'സ്നേഹവീടിന്റെ' താക്കോൽ റുവാനിക്കും കുടുംബത്തിനും മുഖ്യമന്ത്രി കൈമാറി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് ഏറെ സന്തോഷത്തോടെ റുവാനിയും കുടുംബവും പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയത്.
"രാത്രിയിൽ മഴ പെയ്താൽ ഉറങ്ങാനാകുന്നില്ല... പ്രിയ മുഖ്യമന്ത്രി അങ്കിളേ... ഞങ്ങൾക്ക് പുതിയ വീടുവച്ചു തരുമോ... അതിൽ ഞങ്ങളുറങ്ങാം... ഞാൻ വലുതാകുമ്പോൾ പൈസ തരാം..." എന്ന റുവാനിയുടെ പിഞ്ചുമനസ്സിൽ നിന്നുള്ള അഭ്യർത്ഥന വീഡിയോ കഴിഞ്ഞ ജൂണിൽ മാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി നേരിട്ട് റുവാനിയുടെ അമ്മ പ്രിയങ്കയെ ഫോണിൽ വിളിച്ച് വീട് നിർമ്മിച്ച് നൽകുമെന്ന് ഉറപ്പുനൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട ഉടൻ തന്നെ എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ വീട് നിർമ്മാണ ചുമതല ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയും വെറും മൂന്ന് മാസം കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തിയാക്കുകയുമായിരുന്നു.
റുവാനിക്ക് വീട് നിർമ്മിച്ച് നൽകിയതടക്കമുള്ള എം.ജി.എം ഗ്രൂപ്പിന്റെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു. ഇതിന് പുറമെ നടൻ മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി' സഹകരിച്ച് നടപ്പാക്കുന്ന വിദ്യാമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി റുവാനിയുടെ തുടർന്നുള്ള വിദ്യാഭ്യാസത്തിനുള്ള മുഴുവൻ ചെലവുകളും എം.ജി.എം ഏറ്റെടുക്കുമെന്ന് എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ പ്രഖ്യാപിച്ചു. എം.ജി.എം സ്കൂളിൽ സൗജന്യ പഠനസൗകര്യവും കുട്ടിക്കായി ഒരുക്കും.
ചടങ്ങിൽ എം. വിൻസെന്റ് എം.എൽ.എ, എം.ജി.എം ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, ജൈനമ്മ യോഹന്നാൻ, എം.ജി.എം സി.ഓ.ഓ ആൽഫ മേരി വർഗീസ്, അഡ്മിൻ മാനേജർ ആർ. സുനിൽ കുമാർ, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ അഹിനസ്, പി.ആർ.ഓ ഒ.കെ. രവിശങ്കർ, ജാനകി ബിൽഡേഴ്സ് പ്രതിനിധികൾ, റുവാനിയുടെ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.
റുവാനിക്ക് മഴ നനയാതെ ഇനി സ്വസ്ഥമായി ഉറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീടിന്റെ താക്കോൽ കൈമാറി