തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 17-കാരൻ എസ്.ആർ. രുദ്രേഷ് ആറുപേർക്ക് പുതുജീവിതം സമ്മാനിച്ച് യാത്രയായി. കരമന മേലാറന്നൂർ ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി. സുരേഷ് - പി. രമ്യാ ദേവി ദമ്പതികളുടെ മകനും തിരുമല എ.എം.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയുമാണ് രുദ്രേഷ്. എസ്.ആർ. വിഘ്നേഷ്, എസ്.ആർ. അനന്തകൃഷ്ണൻ എന്നിവരാണ് സഹോദരങ്ങൾ.
കഴിഞ്ഞ ഒക്ടോബർ 26-ന് രാത്രി കരമന - കിള്ളിപ്പാലം റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ മേലാറന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രുദ്രേഷിനെയും സുഹൃത്തിനെയും ഉടൻ തന്നെ കരമന കിള്ളിപ്പാലം പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും നവംബർ രണ്ടിന് വൈകിട്ട് നാല് മണിയോടെ ഡോക്ടർമാർ മസ്തിഷ്കമരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് തങ്ങളുടെ വലിയ ദുഃഖത്തിനിടയിലും അവയവദാനത്തിന് കുടുംബാംഗങ്ങൾ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. കെ-സോട്ടോയുടെ (K-SOTTO) നേതൃത്വത്തിലാണ് അവയവദാന പ്രക്രിയകളും ഏകോപനവും പൂർത്തിയാക്കിയത്.
അവയവദാന വിവരങ്ങൾ:
. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ രോഗിക്കും, രണ്ടാമത്തെ വൃക്കയും പാൻക്രിയാസും തിരുവനന്തപുരം കിംസ് ഹെൽത്തിലെ രോഗിക്കുമാണ് (മൾട്ടി ഓർഗൻ) നൽകിയത്.
. കരളും, അബ്ഡോമിനൽ ഫെസിയ & വെസ്സൽസും കിംസ് ഹെൽത്തിലെ മറ്റ് രോഗികൾക്ക് ലഭ്യമാക്കി.
. നേത്രപടലങ്ങൾ (കോർണിയ) തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കാണ് കൈമാറിയത്.
മകന്റെ ഹൃദയവും ദാനം ചെയ്യാൻ കുടുംബം സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ ട്രാൻസ്‌ഈസോഫേജിയൽ എക്കോകാർഡിയോഗ്രാഫി പരിശോധനയിൽ ഹൃദയം മാറ്റിവെക്കലിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൃദയം എടുക്കാൻ സാധിച്ചില്ല. തീരാവേദനയ്ക്കിടയിലും മാതൃകാപരമായ തീരുമാനമെടുത്ത കുടുംബത്തിന്റെ വലിയ മനസ്സിന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആദരവ് അറിയിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കുകയും ചെയ്തു.
6 പേർക്ക് പുതുജീവിതം നൽകി 17കാരൻ രുദ്രേഷ് യാത്രയായി