കൊച്ചി: കാക്കനാട് സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഐ.ടി ജീവനക്കാരി അക്ഷര (28) ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അപകടമുണ്ടാക്കിയ 'മലയില്‍' എന്ന ബസിന്റെ ഡ്രൈവര്‍ സി.കെ. ബിനോയ് (43) ലഹരി, അടിപിടി കേസുകളടക്കം എട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന വസ്തുത ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
അപകടമുണ്ടാക്കുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ റോഡുകളിലെ തമ്പുരാക്കന്മാരല്ല, കാലന്മാരാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭ്രാന്ത് പിടിച്ച പോലെയാണ് ബസുകള്‍ ഓടിക്കുന്നത്. ബസുകള്‍ പിന്നില്‍ നിന്ന് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി മറ്റുള്ളവരെ പേടിപ്പിക്കുകയാണ്. അവര്‍ വരുമ്പോള്‍ മറ്റുള്ളവര്‍ മാറിപ്പോകണം എന്ന മട്ടിലാണ് ഡ്രൈവിംഗ്. ഇത്തരമൊരു സംഭവമുണ്ടായാല്‍ ഡ്രൈവര്‍ പിന്നീടൊരിക്കലും വാഹനമോടിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ബിനോയിക്ക് എതിരെ നിരവധി കേസുകളുണ്ടെന്ന കാര്യം ബസ് ഉടമ മറച്ചുവെച്ചെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അപകട സമയത്ത് ഇയാളുടെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി (PCC) ഉടമ അപേക്ഷിച്ചിരുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയും തൃശൂര്‍ സ്വദേശിയുമായ അക്ഷര ബസിടിച്ച് മരിച്ചത്.
'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട് അപകടത്തിൽ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി