ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ പഞ്ചാബ് കിങ്‌സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്ന പഞ്ചാബ് ഫ്രാഞ്ചൈസി, ഹാര്‍ദിക്കിനായുള്ള ട്രേഡ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്. ഈ കൈമാറ്റത്തിന്റെ ഭാഗമായി ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ വിഷ്ണു വിനോദ് എന്നിവര്‍ മുംബൈ നിരയിലേക്ക് കൂടുമാറാനാണ് സാധ്യത. നവംബര്‍ 17-ന് മുന്നേ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
മുംബൈ ഇന്ത്യന്‍സ് ഉയര്‍ന്ന മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഈ അപ്രതീക്ഷിത ഡീലിന് കളമൊരുങ്ങിയത്. ഹാര്‍ദിക്കിനെ സ്വന്തമാക്കാന്‍ മുംബൈ മറ്റ് മൂന്ന് ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബും മാത്രമാണ് കാര്യമായ പുരോഗതി ഉണ്ടാക്കിയത്. ഒടുവില്‍ പഞ്ചാബ് കിങ്‌സുമായുള്ള ധാരണ അന്തിമഘട്ടത്തിലെത്തുകയായിരുന്നു. ഹാര്‍ദിക്കിന്റെ വരവ് പഞ്ചാബ് നിരയ്ക്ക് വലിയ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, അര്‍ഷ്ദീപ് സിങ് ടീം വിടുകയാണെങ്കില്‍ ആ വിടവ് നികത്താന്‍ ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമായാണ് പഞ്ചാബ് ചര്‍ച്ച നടത്തുന്നത്. ഇടംകൈയ്യന്‍ പേസര്‍ മൊഹ്സിന്‍ ഖാന്‍, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെ ഉള്‍പ്പെടുത്തി മറ്റൊരു സ്വാപ് ഡീലിനും സാധ്യതയുണ്ട്. 2025-ലെ മെഗാ ലേലത്തില്‍ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് അര്‍ഷ്ദീപിനെ നിലനിര്‍ത്തിയിരുന്നത്. 2024-ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിരുന്നില്ല.
പാണ്ഡ്യയ്ക്കായി പഞ്ചാബ്; ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍; അര്‍ഷ്ദീപ് മുംബൈയിലേക്കോ?
ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ പഞ്ചാബ് കിങ്സ് ഒരുങ്ങുന്നു.