ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകരില്‍ നിന്ന് പണം പിരിക്കരുത്; പ്രീ ലേണേഴ്‌സ് ക്ലാസ് ഫീസിന് വിലക്കി ഗതാഗത കമ്മിഷണര്
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പ്രീ ലേണേഴ്‌സ് ക്ലാസുകള്‍ക്ക് ഫീസ് ഈടാക്കുന്നത് കര്‍ശനമായി വിലക്കി ഗതാഗത കമ്മിഷണര്‍ നാഗരാജു ചകിലം ഉത്തരവിട്ടു. കൊല്ലം, കരുനാഗപ്പള്ളി മോട്ടോര്‍ വാഹന ഓഫീസുകളില്‍ ക്ലാസ് നടത്തിപ്പിന്റെ പേരില്‍ അപേക്ഷകരില്‍ നിന്ന് പണം ഈടാക്കിയെന്ന വ്യാപകമായ പരാതികളെത്തുടര്‍ന്നാണ് നടപടി.
മോട്ടോര്‍ വാഹന വകുപ്പിന്റെ അംഗീകാരമുള്ള സന്നദ്ധ സംഘടനയായ 'ട്രാക്ക്', ലൈസന്‍സ് അപേക്ഷകരില്‍ നിന്ന് 100 രൂപ മുതല്‍ 500 രൂപ വരെ ഫീസ് ഈടാക്കിയിരുന്നു. ലൈസന്‍സിന്റെ വിഭാഗമനുസരിച്ചായിരുന്നു ഈ തുക നിശ്ചയിച്ചിരുന്നത്. പ്രതിമാസം 1,500-ലധികം പേര്‍ പങ്കെടുക്കുന്ന ഈ ക്ലാസുകള്‍ക്കായി വലിയ തുകയാണ് പിരിച്ചെടുത്തിരുന്നത്.
റോഡ് സുരക്ഷാ ബോധവത്കരണം ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രീ ലേണേഴ്‌സ് ക്ലാസുകള്‍ ആരംഭിച്ചത്. സാധാരണയായി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. എന്നാല്‍, ഓഫീസുകളിലെ സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരിഗണിച്ച്, സന്നദ്ധസംഘടനകളുടെ സഹായം തേടാന്‍ വകുപ്പ് അനുമതി നല്‍കുകയായിരുന്നു. ഈ അനുമതി മറയാക്കിയാണ് ട്രാക്ക് പണപ്പിരിവ് നടത്തിയത്.
ലൈസന്‍സ് ടെസ്റ്റിന് ഹാജരാകണമെങ്കില്‍ ട്രാക്കിന്റെ കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടണമെന്നത് കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ തുടങ്ങിയ ഇടങ്ങളില്‍ അപ്രഖ്യാപിത നിയമമായി മാറിയിരുന്നു. ഹെവി ലൈസന്‍സ് അപേക്ഷകര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. മറ്റ് ആര്‍.ടി.ഒ ഓഫീസുകളിലേക്കും സമാന സംവിധാനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഗതാഗത കമ്മിഷണറുടെ അടിയന്തര ഇടപെടല്‍.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ക്ലാസുകള്‍ നടത്തുന്നതില്‍ എതിര്‍പ്പില്ലെങ്കിലും, ഒരു സാഹചര്യത്തിലും അപേക്ഷകരില്‍ നിന്ന് പണം ഈടാക്കാന്‍ പാടില്ലെന്ന് കമ്മിഷണര്‍ കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം, കോഴ്‌സ് നടത്തിപ്പിനും അനുബന്ധ ചെലവുകള്‍ക്കുമായാണ് തുക വാങ്ങിയതെന്നും മറ്റ് ദുരുദ്ദേശങ്ങളില്ലെന്നുമാണ് ട്രാക്ക് ഭാരവാഹികളുടെ വിശദീകരണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.