കണ്ണൂര്‍: യുദ്ധങ്ങൾ അവസാനിക്കും, നേതാക്കൾ ഹസ്തദാനം ചെയ്യും, ആ വൃദ്ധ തന്റെ രക്തസാക്ഷിയായ മകനെ കാത്തിരിക്കും, ആ പെൺകുട്ടി തന്റെ
പ്രിയപ്പെട്ട ഭർത്താവിനായി കാത്തിരിക്കും, ആ കുട്ടികൾ അവരുടെ
പിതാവിനെ നോക്കിയിരിക്കും...' പ്രശസ്ത പലസ്തീനിയന്‍ കവി മഹ്‌മൂദ് ദര്‍വേഷിന്റെ ഈ വിഖ്യാത കവിതാശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി സി.വി. ധന്‍രാജ് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന് കാലം കഴിയുമ്പോള്‍ നേതാക്കള്‍ പരസ്പരം കൈകൊടുത്ത് പിരിയുമെങ്കിലും, കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ കുടുംബത്തിന് അത് എന്നെന്നേക്കുമായി തീരാനോവാണ് സമ്മാനിക്കുന്നതെന്ന വൈകാരികവും അര്‍ത്ഥവത്തായതുമായ നിരീക്ഷണമാണ് ജഡ്ജി നടത്തിയത്. തുടര്‍ന്നാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചത്.
ഒന്നാം പ്രതി ടി.പി. ബിജു, സഹോദരങ്ങളായ രണ്ടാം പ്രതി എം. വിപിന്‍, മൂന്നാം പ്രതി എം. വൈശാഖ് എന്നിവര്‍ക്കാണ് ശിക്ഷ. പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷവും നാല് മാസവും പ്രത്യേക തടവുശിക്ഷ അനുഭവിച്ച ശേഷമായിരിക്കും ഇവരുടെ ജീവപര്യന്തം ആരംഭിക്കുക. എല്ലാ ശിക്ഷകളും പ്രത്യേകം അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
വീട്ടില്‍ അതിക്രമിച്ചു കയറിയതിന് മൂന്ന് മാസം, ധനരാജിന്റെ അമ്മയെ ആക്രമിച്ചതിന് ഒരു വര്‍ഷം, ഭാര്യയെയും അമ്മയെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസം, മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് നാല് വര്‍ഷം, കൊലപാതകത്തിന് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുകയായ 15 ലക്ഷം രൂപ (മൂന്ന് പ്രതികളും ചേര്‍ന്ന്) ധന്‍രാജിന്റെ കുടുംബത്തിന് കൈമാറണം. പിഴയൊടുക്കാത്ത പക്ഷം പ്രതികള്‍ അഞ്ച് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. തുക കുടുംബത്തിന് കൈമാറുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
2016 ജൂലൈ 11-ന് രാത്രിയാണ് രാമന്തളി കുന്നരുകാരന്താട്ടെ സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന സി.വി. ധനരാജ് കൊല്ലപ്പെട്ടത്. കേസില്‍ ആകെ 19 പ്രതികളുണ്ടായിരുന്നതില്‍ 16 പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി നേരത്തെ വിട്ടയച്ചിരുന്നു. എങ്കിലും പ്രധാന പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തി.
'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാത്തിരിക്കും'; പലസ്തീനിയന്‍ കവിത ഉദ്ധരിച്ച് ജഡ്ജി കെ എന്‍ പ്രശാന്ത്