സംവിധായകന്റെ വിയോഗം കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകന്‍ മിലാപ് സവേരി, ചലച്ചിത്ര നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് എന്നിവരും സ്ഥിരീകരിച്ചു. മികച്ചൊരു കഥാകൃത്തും ഊര്‍ജ്ജസ്വലനായ ചലച്ചിത്രകാരനുമായിരുന്നു സഞ്ജയ് ഗുപ്തയെന്നും, അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണെന്നും അശോക് പണ്ഡിറ്റ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. അനു ലേഖിയാണ് ഭാര്യ.
1994-ല്‍ പുറത്തിറങ്ങിയ 'ആതിഷ്: ഫീല്‍ ദി ഫയര്‍' എന്ന ചിത്രത്തിലൂടെ തന്റെ 22-ാം വയസ്സിലാണ് സഞ്ജയ് ഗുപ്ത സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് 2002-ല്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത് എന്നിവര്‍ അണിനിരന്ന 'കാണ്ടേ' എന്ന ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ സിനിമകളിലൂടെയാണ് അദ്ദേഹം ഏറെ പ്രശസ്തനായത്.
ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളെയും ഇടവേളകളെയും തരണം ചെയ്താണ് അദ്ദേഹം സിനിമയില്‍ തിരിച്ചെത്തിയത്. നടന്‍ സഞ്ജയ് ദത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് നാലുവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഖണ്ടാലയിലെ ഒരു ഹോട്ടലില്‍ ജോലിക്കു വരെ നില്‍ക്കേണ്ടി വന്ന അദ്ദേഹം, പിന്നീട് മകന്റെ ജനനത്തിന് ശേഷമാണ് വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്.
പ്രശസ്ത നിര്‍മ്മാതാവ് ഏക്താ കപൂര്‍, അനില്‍ കപൂര്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ പിന്തുണയോടെ 'ഷൂട്ട്ഔട്ട് അറ്റ് വഡാല' (2013) അടക്കമുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം വീണ്ടും സജീവമായി. പ്രതിസന്ധികളെ തോല്‍പ്പിച്ച് ബോളിവുഡ് ക്രൈം ത്രില്ലര്‍ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ചാണ് സഞ്ജയ് ഗുപ്ത വിടവാങ്ങുന്നത്.