ദുൽഖർ സൽമാന്റെ 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം നാളെ; ജന്മദിനത്തിൽ 'ചിട്ടി ചിട്ടി ചീമ' റിലീസ്
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം 'ചിട്ടി ചിട്ടി ചീമ' നാളെ പുറത്തിറങ്ങും. ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗാനത്തിന്റെ റിലീസ്. ദേശീയ പുരസ്കാര ജേതാവായ ജി. വി. പ്രകാശ് കുമാറാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം, തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. പുതുമുഖ താരം സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഗാനം പുറത്തിറങ്ങും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നായികയെ പരിചയപ്പെടുത്തുന്ന ഗ്ലിംപ്സ് വീഡിയോയും നേരത്തെ പുറത്തിറങ്ങി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഹൃദയസ്പർശിയായ ഒരു ഫീൽ-ഗുഡ് ഡ്രാമയായിരിക്കും ചിത്രമെന്ന സൂചനയാണ് പ്രചാരണ സാമഗ്രികൾ നൽകുന്നത്.
'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്കർ' തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദുൽഖർ സൽമാൻ, 'കൽക്കി 2898 എഡി'യിൽ ശ്രദ്ധേയമായ അതിഥി വേഷത്തിലും എത്തിയിരുന്നു. അതിന് ശേഷമുള്ള ദുൽഖറിന്റെ പ്രധാന തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക താര'.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.