അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പ് വിവാദത്തില്‍ പ്രാഥമിക നടപടിയുമായി ക്ഷേത്ര ട്രസ്റ്റ്. പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ചുമതലകളില്‍ നിന്ന് അടിയന്തരമായി മാറ്റിനിര്‍ത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ ജീവനക്കാര്‍ക്കെതിരെയാണ് ഈ നടപടി.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പണം എണ്ണുന്ന മുറിയിലെ സി.സി.ടി.വി ക്യാമറകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനിടെ, സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കര്‍സേവകരുടെ സംഘടനയായ 'ധര്‍മ്മസേന' പ്രധാനമന്ത്രിക്ക് കത്തയച്ചു.
അയോധ്യയിലെ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സമാനമായ സാമ്പത്തിക പരാതികളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന തട്ടിപ്പ്: പണം എണ്ണുന്ന 40 ജീവനക്കാരെ മാറ്റിനിര്‍ത്തി ട്രസ്റ്റ് നടപടി