ന്യൂയോര്ക്ക്: ലോകകപ്പ് ഫൈനലിലെ ആവേശപ്പോരാട്ടത്തില് അര്ജന്റീനയെ എക്സ്ട്രാ ടൈമില് തകര്ത്ത് സ്പെയിന് കിരീടം ചൂടിയതിന് പിന്നാലെ ഫുട്ബോള് ലോകത്തെ ഈ നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ കാഴ്ചയ്ക്ക് മെറ്റ്ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. തോല്വിയുടെ സങ്കടത്തില് മൈതാനത്ത് ഇരിക്കുകയായിരുന്ന അര്ജന്റീനന് നായകന് ലയണല് മെസ്സിയെ ആശ്വസിപ്പിക്കാന് സ്പെയിന്റെ കൗമാര താരം ലാമിന് യമാല് എത്തി. ഫുട്ബോള് ലോകത്തെ ഇതിഹാസത്തില് നിന്നും അടുത്ത തലമുറയിലെ സൂപ്പര്താരത്തിലേക്കുള്ള ഒരു പ്രതീകാത്മക ബാറ്റണ് കൈമാറ്റമായാണ് കായിക ലോകം ഈ നിമിഷത്തെ വിശേഷിപ്പിച്ചത്.
ബാഴ്സലോണയുടെ പ്രശസ്തമായ 'ലാ മാസിയ' അക്കാദമിയില് നിന്ന് വളര്ന്നുവന്ന രണ്ട് തലമുറകളുടെ സംഗമം കൂടിയായിരുന്നു ഇത്. മെസ്സിയുടെ കരിയറിലെ രണ്ടാമത്തെ ലോകകപ്പ് ഫൈനല് തോല്വിയാണിത്. 2014-ല് ജര്മ്മനിയോട് എക്സ്ട്രാ ടൈമില് തോറ്റതിന് സമാനമായി ഇത്തവണ യമാലിന്റെ സ്പെയിനോടും മെസ്സിക്ക് കീഴടങ്ങേണ്ടി വന്നു.
ലോകകപ്പ് ഫൈനലില് കളിക്കാന് ഇറങ്ങിയപ്പോള് തന്നെ യമാലിനെ തേടി അപൂര്വ്വ റെക്കോര്ഡുകളെത്തി. 1987 ജൂണില് ജനിച്ച മെസ്സിയും 2007 ജൂലൈയില് ജനിച്ച യമാലും തമ്മില് 20 വര്ഷവും 19 ദിവസത്തെയും പ്രായവ്യത്യാസമുണ്ട്. ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തില് ഇത്രയും വലിയ പ്രായവ്യത്യാസമുള്ള രണ്ട് താരങ്ങള് നേര്ക്കുനേര് വരുന്നത് ഇതാദ്യമായാണ്. ലോകകപ്പ് നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമെന്ന ബഹുമതി ഇനി യമാലിന് സ്വന്തം. ഫൈനല് കളിക്കുമ്പോള് 19 വര്ഷവും 6 ദിവസവുമായിരുന്നു ഈ ബാഴ്സലോണ താരത്തിന്റെ പ്രായം.
കരിയറിന്റെ തുടക്കത്തില് തന്നെ ഒരു യൂറോ കപ്പും ഒരു ലോകകപ്പും സ്വന്തമാക്കാന് കഴിഞ്ഞത് യമാലിന്റെ കരിയറിലെ വലിയ നേട്ടമായി. കൗമാരപ്രായത്തില് തന്നെ യൂറോ, ലോകകപ്പ് ഫൈനലുകള് കളിക്കുന്ന ആദ്യ താരം കൂടിയാണ് യമാല്.
ബാഴ്സലോണയ്ക്കായി ഇതുവരെ മൂന്ന് സീസണുകളിലായി 150 മത്സരങ്ങള് കളിച്ച യമാല്, കഴിഞ്ഞ രണ്ട് ക്യാമ്പെയ്നുകളില് നിന്നായി 42 ഗോളുകളും 38 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2023-ല് യമാല് ബാഴ്സലോണയില് അരങ്ങേറ്റം കുറിച്ചപ്പോഴേക്കും മെസ്സി ക്ലബ്ബ് വിട്ടിരുന്നതിനാല് ഇരുവരും ഒരുമിച്ച് കളിച്ചിട്ടില്ല. തോല്വി വഴങ്ങിയെങ്കിലും 39-ാം വയസ്സിലും എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി അര്ജന്റീനയെ ഫൈനല് വരെ നയിച്ച മെസ്സി തന്നെയാണ് ടൂര്ണമെന്റിലെ മികച്ച താരം. അന്താരാഷ്ട്ര കരിയര് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മത്സരശേഷം മെസ്സി പ്രതികരിച്ചതുമില്ല. സ്പെയിന്റെ ഈ വിജയത്തോടെ ഫുട്ബോള് ലോകം ഇനി ലാമിന് യമാല് എന്ന പത്തൊന്പതുകാരന്റെ കാല്ക്കീഴിലാണെന്ന് ഉറപ്പായിക്കഴിഞ്ഞു.
കണ്ണീരോടെ മെസ്സി, ആശ്വസിപ്പിച്ച് യമാല്; ഫുട്ബോള് ലോകത്തെ ആ മനോഹര കാഴ്ച