ഡല്‍ഹിയിലെ പഴക്കമുള്ളതും സുരക്ഷിതമല്ലാത്തതുമായ കെട്ടിടങ്ങളില്‍ അടിയന്തര സംയുക്ത പരിശോധന നടത്തണമെന്നും വിദ്യാര്‍ത്ഥികളുടെയും വാടകക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ വിനീത് തോമസ് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നിവേദനം അയച്ചു. തെക്കന്‍ ഡല്‍ഹിയിലെ സത്യ നികേതനില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് അദ്ദേഹം അടിയന്തരമായി കത്തയച്ചത്. സത്യ നികേതന്‍, ലക്ഷ്മി നഗര്‍, മുഖര്‍ജി നഗര്‍ തുടങ്ങിയ വിദ്യാര്‍ത്ഥി കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെ അവസ്ഥ ഏറെ ആശങ്കാജനകമാണെന്ന് അദ്ദേഹം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പി.ഡബ്ല്യു.ഡി, എം.സി.ഡി, ഫയര്‍ ഫോഴ്‌സ്, സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാര്‍ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ ഉപയോഗിച്ച് വിദ്യാര്‍ത്ഥി കേന്ദ്രങ്ങളിലെയും ജനവാസ മേഖലകളിലെയും പഴയ കെട്ടിടങ്ങള്‍ അടിയന്തരമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീമമായ വാടക ഈടാക്കുന്ന കെട്ടിട ഉടമകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്. അതിനാല്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പ് സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും, കെട്ടിട നിര്‍മ്മാണത്തിലും നവീകരണത്തിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം, കെട്ടിടങ്ങളുടെ അപകടാവസ്ഥയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും വാടകക്കാരെയും വിലക്കുന്ന പോലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി ഭൂകമ്പ സാധ്യത മേഖല നാലില്‍ (Seismic Zone IV) ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍, കനത്ത മഴയോ ചെറിയ പ്രകമ്പനങ്ങളോ പോലും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കാമെന്നും അതിനാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും വിനീത് തോമസ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ പഴയ കെട്ടിടങ്ങളില്‍ അടിയന്തര പരിശോധന വേണം: സുരക്ഷ ഉറപ്പാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ്; ഡല്‍ഹി മുഖ്യമന്ത്രിക്ക് നിവേദനം