Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആനന്ദ് ജോസഫ് രക്ഷകനായി; അവിശ്വസനീയ ജയത്തോടെ തൃശൂർ ടൈറ്റൻസ് കെ.സി.എൽ ഫൈനലിൽ

ആനന്ദ് ജോസഫ് രക്ഷകനായി; അവിശ്വസനീയ ജയത്തോടെ തൃശൂർ ടൈറ്റൻസ് കെ.സി.എൽ ഫൈനലിൽ

തിരുവനന്തപുരം: കെസിഎൽ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് യോഗ്യത നേടി തൃശൂർ ടൈറ്റൻസ്. ഒരു നോക്കൗട്ട് പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തിൽ ആനന്ദ് ജോസഫിന്റെ തക‍ർപ്പൻ ബാറ്റിങ്ങാണ് തോൽവിയുടെ വക്കിൽ നിന്നും തൃശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ഒരു പന്ത് ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. (ട്രിവാൺഡ്രം റോയൽസ് - 20 ഓവറിൽ 163/5, തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 167/9).

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയൽസിന് മൂന്നാം ഓവറിൽ തന്നെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തിൽ നിഖിൽ തോട്ടത്ത് എടുത്ത ഉജ്ജ്വലമായൊരു ക്യാച്ചിലൂടെയാണ് വിഷ്ണു വിനോദ് (7) പുറത്തായത്. അടുത്ത ഓവറിൽ കൃഷ്ണപ്രസാദിനെയും (4) ആനന്ദ് ജോസഫ് തന്നെ മടക്കി. 28 റൺസെടുത്ത അഭിഷേക് പി. നായർ ബിജു നാരായണന്റെ പന്തിൽ പുറത്തായി. ഫോമിലുള്ള ഗോവിന്ദ് ദേവ് പൈയെ എം. എസ്. അഖിലും മടക്കിയതോടെ നാല് വിക്കറ്റിന് 72 റൺസെന്ന നിലയിലായിരുന്നു റോയൽസ്.

തുടർന്നെത്തിയ അക്ഷയ് മനോഹറുടെ ഇന്നിങ്സാണ് റോയൽസിനെ കരകയറ്റിയത്. സിജോമോൻ ജോസഫിനൊപ്പം 21 റൺസ് കൂട്ടിച്ചേർത്ത അക്ഷയ് തുടക്കം മുതൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ പായിച്ചു. 20 റൺസെടുത്ത സിജോമോൻ ജോസഫ് ബിജു നാരായണന്റെ പന്തിൽ പുറത്തായെങ്കിലും പകരമെത്തിയ എം. നിഖിൽ അക്ഷയ്ക്ക് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് 34 പന്തുകളിൽ കൂട്ടിച്ചേർത്ത 70 റൺസാണ് റോയൽസിന്റെ സ്കോർ 163ൽ എത്തിച്ചത്. അവസാന രണ്ട് ഓവറിൽ 38 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. അബ്ദുൾ റമീസ് എറിഞ്ഞ അവസാന ഓവറിൽ സിക്സർ പറത്തിയാണ് അക്ഷയ് തന്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. 26 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്സറുമടക്കം 53 റൺസുമായി അക്ഷയ് പുറത്താകാതെ നിന്നു. എം. നിഖിൽ പുറത്താകാതെ 28 റൺസെടുത്തു. ടൈറ്റൻസിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് രണ്ടാം ഓവറിൽ തന്നെ കെ. ആർ. രോഹിതിനെ (16) നഷ്ടമായി. തുടരെ മൂന്ന് പന്തുകൾ അതിർത്തി കടത്തി തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുമ്പോഴാണ് ഇല്ലാത്ത റണ്ണിനായോടി രോഹിത് റണ്ണൗട്ടായത്. അടുത്ത ഓവറിൽ ഏഴ് റൺസെടുത്ത വിഷ്ണുരാജും പുറത്തായി. തുടർന്നെത്തിയ അഹമ്മദ് ഇമ്രാനും ഷോൺ റോജറും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഉജ്ജ്വലമായൊരു റിട്ടേൺ ക്യാച്ചിലൂടെ ഷോൺ റോജറെ (23) പുറത്താക്കി സിജോമോൻ ജോസഫ് കൂട്ടുകെട്ടിന് അവസാനമിട്ടു. അഹമ്മദ് ഇമ്രാനും നിഖിൽ തോട്ടത്തും മികച്ച രീതിയിൽ ബാറ്റി വീശിയതോടെ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 43 റൺസ് പിറന്നു.

എന്നാൽ 14-ആം ഓവറിൽ അഹമ്മദ് ഇമ്രാന്റെ (43) മടക്കം ഒരു കൂട്ടത്തകർച്ചയുടെ തുടക്കമായി. അഞ്ച് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ നിഖിൽ തോട്ടത്തും (24) പുറത്തായി. ഷാരോൺ സുരേഷ് മൂന്നും മുഹമ്മദ് ഇനാൻ ഒന്നും ബിജു നാരായണൻ പൂജ്യത്തിനും മടങ്ങി. മറുവശത്ത് മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ക്യാപ്റ്റൻ എം. എസ്. അഖിലിലായിരുന്നു അപ്പോഴും ടൈറ്റൻസിന്റെ പ്രതീക്ഷ. എന്നാൽ 19-ആം ഓവറിലെ അവസാന പന്തിൽ എം. എസ്. അഖിൽ (27) പുറത്തായി. അവസാന ഓവർ തുടങ്ങുമ്പോൾ ഒരു വിക്കറ്റ് ശേഷിക്കെ തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസാണ്. രണ്ടാം പന്തിൽ സിംഗിൾ നേടി അബ്ദുൾ റമീസ് ആനന്ദ് ജോസഫിന് സ്ട്രൈക്ക് നൽകി. തുടർന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അവിസ്മരണീയ നിമിഷങ്ങൾക്കാണ്. തുടരെയുള്ള മൂന്ന് പന്തുകളിൽ രണ്ട് സിക്സും ഒരു ഫോറും നേടി ആനന്ദ് ടീമിന് ഫൈനലിലേക്കുള്ള വഴിയൊരുക്കി. മൂന്ന് പന്തുകളിൽ നിന്ന് 16 റൺസുമായി ആനന്ദ് പുറത്താകാതെ നിന്നു. റോയൽസിന് വേണ്ടി രാഹുൽ ചന്ദ്രൻ മൂന്നും എം നിഖിൽ സിജോമോൻ ജോസഫ് എന്നിവ‍ർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Related articles

See all
Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Save your stories

Sign in