കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. വിശാല്‍ ശ്രീവാസ്തവ, രാജ് സിങ്, മായങ്ക് മിശ്ര എന്നിവരെ ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമായാണ് പിടികൂടിയത്. ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലീസ് സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്.
ബാലിയിലെ ടോള്‍ പ്ലാസയില്‍ പ്രതികള്‍ നടത്തിയ യുപിഐ പേയ്‌മെന്റാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തുകയും, ടോളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തിയ വ്യക്തിയെ പിന്തുടരുകയുമായിരുന്നു. പിടിയിലായവര്‍ വാടകക്കൊലയാളികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വ്യാജ നമ്പറിലുള്ള കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. വടക്കന്‍ 24 പര്‍ഗാനാസിലെ വീടിന് തൊട്ടടുത്ത് വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം വാഹനം ഉപേക്ഷിച്ച പ്രതികള്‍ മറ്റ് വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകം: പ്രതികള്‍ പിടിയില്