ഡൽഹി: വിദ്യാർഥി-യുവജന പ്രതിഷേധങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ "ജനാധിപത്യത്തിന്റെ വിജയം" എന്ന് വിശേഷിപ്പിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. സമാധാനപരമായ പ്രതിഷേധത്തിന്റെയും സംയമനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണിതെന്നും അദ്ദേഹം എക്‌സിലൂടെ പ്രതികരിച്ചു.
"ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. തെരുവുകളിൽ നിന്ന് നേരിട്ട് ഉയർന്ന ജനാധിപത്യത്തിന്റെ ശബ്ദം ഒടുവിൽ വിജയിച്ചു. സമാധാനത്തിന്റെയും സംയമനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണിത്," എന്നാണ് വാങ്ചുക് എക്‌സിൽ കുറിച്ചത്.
രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകിയ സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) പ്രവർത്തകരെയും രാജ്യത്തെ ജെൻ-സി യുവത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. "ഭയവും ഭയപ്പെടണമെന്ന ചിന്തയും ഉപേക്ഷിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ജനാധിപത്യത്തിനായി തെരുവിലിറങ്ങിയ എല്ലാ പൗരന്മാർക്കും നന്ദി," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും സംബന്ധിച്ച് സർക്കാരിന്റെ ഉത്തരവാദിത്തം ആവശ്യപ്പെട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. ജന്തർ മന്തറിലെ സമരത്തിന് ദേശീയ ശ്രദ്ധ ലഭിച്ചതോടെ വിദ്യാർഥി സംഘടനകളും യുവജനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെയാണ് വാങ്ചുക് സമരവിജയത്തെ സ്വാഗതം ചെയ്ത് പ്രതികരിച്ചത്. വ്യാഴാഴ്ച രാത്രി വൈകിയാണ് അദ്ദേഹം നിരാഹാര സമരം അവസാനിപ്പിച്ചത്.
നീറ്റ് ഉൾപ്പെടെയുള്ള ദേശീയ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം പിന്നീട് രാജ്യവ്യാപക ജനകീയ പ്രസ്ഥാനമായി മാറുകയായിരുന്നു. വിദ്യാർഥി സംഘടനകൾ, സാമൂഹിക പ്രവർത്തകർ, വിവിധ പ്രതിപക്ഷ പാർട്ടികൾ എന്നിവരുടെ പിന്തുണയോടെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്.
"ഇത് ജനാധിപത്യത്തിന്റെ വിജയം"; ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി സോനം വാങ്ചുക്