ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഫീൽഡിങ് കോച്ചായി മുൻ അസം, റെയിൽവേസ് താരം ശുഭദീപ് ഘോഷിനെ നിയമിച്ചു. നിലവിലെ ഫീൽഡിങ് കോച്ചായിരുന്ന ടി. ദിലീപിന് പകരക്കാരനായാണ് 57കാരനായ ഘോഷ് ഇന്ത്യൻ പരിശീലകസംഘത്തിലേക്ക് എത്തുന്നത്.
ടി. ദിലീപിന്റെ കരാർ നീട്ടേണ്ടതില്ലെന്ന് ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. സിംബാബ്വെ പര്യടനത്തിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ പരിശീലകസംഘത്തിൽ നിന്ന് പടിയിറങ്ങിയത്. ഇനി ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാകും ശുഭദീപ് ഘോഷ് പരിശീലകസംഘത്തിന്റെ ഭാഗമായ ശേഷമുള്ള ആദ്യ ദൗത്യം.
17 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ശുഭദീപ് ഘോഷ് നേരത്തെ അസം സീനിയർ ടീമിന്റെ മുഖ്യപരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ പരിശീലന പരിചയമാണ് അദ്ദേഹത്തെ പുതിയ ചുമതലയിലേക്ക് എത്തിച്ചത്.
അതേസമയം, ടി. ദിലീപിന്റെ കരാർ അവസാനിച്ചിരുന്നെങ്കിലും ബിസിസിഐ അദ്ദേഹത്തിന് ഒരു വർഷത്തെ അധിക കാലാവധി നൽകിയിരുന്നു. പിന്നീട് കരാർ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തുകയായിരുന്നു.
ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായിരുന്ന റയാൻ ടെൻ ഡൊഷേറ്റും അടുത്തിടെ സ്ഥാനമൊഴിഞ്ഞിരുന്നു. ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി എത്തിയതിന് പിന്നാലെയാണ് ഡൊഷേറ്റ് അസിസ്റ്റന്റ് കോച്ചായി ചുമതലയേറ്റത്. ബാറ്റിങ്, ഫീൽഡിങ് വിഭാഗങ്ങളിൽ ഗംഭീറിനൊപ്പം പ്രവർത്തിച്ച ഡൊഷേറ്റ് 2025 ഏഷ്യാ കപ്പിലും 2026 ടി20 ലോകകപ്പ് നേട്ടങ്ങളിലും ടീമിന്റെ ഭാഗമായിരുന്നു.