ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ബ്രസീലിന് സമനിലയോടെ തുടക്കം. ആവേശകരമായ ഗ്രൂപ്പ് സി മത്സരത്തില്‍ കരുത്തരായ മൊറോക്കോയാണ് ബ്രസീലിനെ 1-1 എന്ന നിലയില്‍ തളച്ചത്. ന്യൂജേഴ്സിയിലെ 'ന്യൂയോര്‍ക്ക് ന്യൂജേഴ്സി' സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്റെ മാന്ത്രിക ഗോളാണ് ബ്രസീലിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.
ചരിത്രത്തിലാദ്യമായി ഒരു വിദേശ പരിശീലകന് കീഴിലാണ് ബ്രസീല്‍ ലോകകപ്പ് കളിക്കാനിറങ്ങുന്നത്‌വിഖ്യാത കോച്ച് കാര്‍ലോ അന്‍സലോട്ടി. എന്നാല്‍ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, കക്ക എന്നിവരടക്കമുള്ള വന്‍നിര സാക്ഷിയായ മത്സരത്തില്‍ ബ്രസീലിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പരിക്കേറ്റ സൂപ്പര്‍താരം നെയ്മറുടെ അഭാവവും ടീമില്‍ പ്രകടമായിരുന്നു.
മത്സരത്തിന്റെ 21-ാം മിനിറ്റില്‍ത്തന്നെ ബ്രസീല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മൊറോക്കോ ലീഡെടുത്തു. ബ്രാഹിം ഡയസ് നല്‍കിയ മനോഹരമായ പാസ് സ്വീകരിച്ച് മുന്നേറിയ പി.എസ്.വി ഐന്തോവന്‍ താരം ഇസ്മായില്‍ സൈബാരി, ബ്രസീല്‍ പ്രതിരോധ നിരയെയും ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറെയും കാഴ്ചക്കാരാക്കി പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി (1-0).
ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച ബ്രസീല്‍ 11 മിനിറ്റുകള്‍ക്കകം സമനില പിടിച്ചു. 32-ാം മിനിറ്റില്‍ ബ്രൂണോ ഗ്വിമാരസ് നല്‍കിയ പാസുമായി ബോക്‌സിന്റെ ഇടതുഭാഗത്തുനിന്നും ഉള്ളിലേക്ക് കട്ട് ചെയ്ത് കയറിയ വിനീഷ്യസ് ജൂനിയര്‍, മൊറോക്കോ ഗോളി യാസിന്‍ ബോണോയെ നിഷ്പ്രഭനാക്കി പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് അടിച്ചുകയറ്റി (1-1).
രണ്ടാം പകുതിയില്‍ ഇരുടീമുകളും ജയത്തിനായി കിണഞ്ഞു ശ്രമിച്ചു. ബ്രസീല്‍ താരങ്ങളായ ലൂക്കാസ് പക്വേറ്റ, റഫീന്യ, ഡാനിലോ എന്നിവരുടെ ഗോള്‍ ശ്രമങ്ങള്‍ മൊറോക്കോ ഗോള്‍കീപ്പര്‍ ബോണോ മികച്ച സേവുകളിലൂടെ തടഞ്ഞു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മൊറോക്കോ താരം എല്‍ ഐനൗയി തൊടുത്ത ലോങ് റേഞ്ചറും അതിനുശേഷമുള്ള ഫോളോ-അപ്പ് ഷോട്ടും തടുത്തിട്ട് അലിസണ്‍ ബ്രസീലിന്റെ രക്ഷകനായി.
ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളില്‍ ബ്രസീല്‍ ഹെയ്തിയെയും, മൊറോക്കോ സ്‌കോട്ട്ലന്‍ഡിനെയും നേരിടും.
സൈബാരിയുടെ പ്രഹരം, വിനീഷ്യസിന്റെ മറുപടി; മൊറോക്കോക്കെതിരെ ബ്രസീലിന് സമനില