തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖ സമിതിയിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊണ്ട തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കിയത്. തന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞതും ഈ തീരുമാനത്തിന് കാരണമായി.
അതേസമയം, മേൽശാന്തിമാരുടെ യോഗ്യതാ പട്ടികയിൽ ഇത്തവണ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ എട്ടുപേർ മാത്രമാണ് ഇത്തവണത്തെ പട്ടികയിൽ ഇടംനേടിയത്. ഇതിൽ അഞ്ചുപേർ ശബരിമല മേൽശാന്തി പട്ടികയിലും മൂന്നുപേർ മാളികപ്പുറം പട്ടികയിലുമാണുള്ളത്. അഭിമുഖത്തിന് ഇത്രയും കുറഞ്ഞ എണ്ണം ആളുകൾ എത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മാളികപ്പുറം പട്ടികയിലുള്ള മൂന്നുപേരും ശബരിമല മേൽശാന്തി പട്ടികയിലും ഉൾപ്പെട്ടവരാണ്. മുഖാമുഖത്തിലെ മാർക്ക് കൂടി പരിഗണിക്കുന്നതോടെ അന്തിമ എണ്ണം ഇനിയും കുറഞ്ഞേക്കും.
ദേവസ്വം വിജിലൻസ് നടത്തുന്ന കർശനമായ പശ്ചാത്തല പരിശോധനയാണ് യോഗ്യതാ പട്ടികയിലെ അപേക്ഷകരുടെ എണ്ണം കുറയാൻ പ്രധാന കാരണമെന്നാണ് വിവരം. അപേക്ഷ നിരസിക്കപ്പെട്ടവരുടെ അപ്പീലുകൾ പരിഗണിച്ചാലും അന്തിമ പട്ടികയിൽ കാര്യമായ വർധനവിന് സാധ്യതയില്ല.
മറ്റൊരു തീരുമാനത്തിൽ, പമ്പയിലെ ശുചിമുറികൾ തീർത്ഥാടകർക്ക് പൂർണമായും സൗജന്യമായി വിട്ടുനൽകുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടും.
ശബരിമല മേൽശാന്തി അഭിമുഖം: കണ്ഠരര് രാജീവരെ ഒഴിവാക്കി; യോഗ്യതാ പട്ടികയിൽ വൻ കുറവ്