ഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരമായ പ്രശ്നമാണെന്നും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി സമാധാനപരമായി പോരാടുന്ന വിദ്യാർത്ഥികളുടെ ധൈര്യത്തെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് താരം തന്റെ നിലപാട് അറിയിച്ചത്.
പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ഒന്നിച്ചുകൂടിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ മാതാപിതാക്കളെയും സൽമാൻ ഖാൻ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തോടുള്ള ആത്മാർഥതയും രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്താനുള്ള അവരുടെ പ്രതിബദ്ധതയും ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയ സൽമാൻ ഖാൻ, സമാധാനപരമായി നടന്ന മുന്നേറ്റം അക്രമത്തിലേക്ക് വഴിമാറേണ്ടിവന്നത് ഖേദകരമാണെന്നും പറഞ്ഞു. പരീക്ഷാ ചോർച്ച മൂലം ബുദ്ധിമുട്ട് അനുഭവിച്ച വിദ്യാർത്ഥികളോടും അവരുടെ കുടുംബങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"പേപ്പർ ചോർച്ച വളരെ ഗൗരവമേറിയ പ്രശ്നമാണ്. മികച്ച വിദ്യാഭ്യാസ സംവിധാനത്തിനായി നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികൾ ഒന്നിച്ചുനിൽക്കുന്നത് സന്തോഷകരമാണ്. അവരുടെ കഠിനാധ്വാനവും സമർപ്പണവും ആത്മാർത്ഥതയും ഇന്ത്യയുടെ ഭാവിയെ ശക്തിപ്പെടുത്തും. ഈ പ്രതിഷേധം ശരിയായ വഴിയിലാണ് നടന്നത്. വിദ്യാഭ്യാസത്തിനായി ലക്ഷ്യബോധത്തോടെ മുന്നേറുന്ന ഈ തലമുറ ഇന്ത്യയെ അഭിമാനഭരിതമാക്കും," എന്നാണ് സൽമാൻ ഖാൻ കുറിച്ചത്.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും ഈ വിഷയത്തിലെ മുഴുവൻ അംഗീകാരവും വിദ്യാർത്ഥികൾക്കായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച വിദ്യാഭ്യാസ സംവിധാനം കെട്ടിപ്പടുക്കുന്നതിനായി സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
വിദ്യാഭ്യാസം രാജ്യത്തെ ഏറ്റവും വലിയ ട്രെൻഡും അഭിമാനവുമായിത്തീരണം എന്ന ആഗ്രഹവും സൽമാൻ ഖാൻ പങ്കുവെച്ചു. ഇന്ത്യ മികച്ച വിദ്യാഭ്യാസ കേന്ദ്രമായി വളരുകയും വിദേശ വിദ്യാർത്ഥികൾ പഠനത്തിനായി ഇന്ത്യയിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.സൽമാൻ ഖാനൊപ്പം സിനിമാ ലോകത്തുനിന്ന് ദുൽഖർ സൽമാൻ, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, പൂജ ഭട്ട്, നസീറുദ്ദീൻ ഷാ, സംവിധായകൻ ഇംതിയാസ് അലി എന്നിവരും വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പരീക്ഷാ സംവിധാനത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നാണ് ഇവർ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.