വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ നീറ്റ് പുനഃപരീക്ഷ ഇന്ന്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അങ്ങേയറ്റം ജാഗ്രതയോടെയും കനത്ത സുരക്ഷയിലുമാണ് ദേശീയ പരീക്ഷാ ഏജന്‍സി പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണത്തെ പരീക്ഷ എഴുതുന്നത്. ഇനിയൊരു വീഴ്ച ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷാ ഹാളുകളിലേക്ക് എത്തുന്നത്.
പരീക്ഷാ നടത്തിപ്പിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി എന്‍ടിഎ അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ചേകാല്‍ വരെയാണ് പരീക്ഷ നടക്കുന്നത്. കടുത്ത നിബന്ധനകളോടെയാണ് വിദ്യാര്‍ത്ഥികളെ ഇത്തവണ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്. രാവിലെ 11:00 മണി മുതല്‍ ഉച്ചയ്ക്ക് 1:30 വരെ മാത്രമായിരിക്കും പ്രവേശന സമയം. ഈ സമയപരിധിക്കുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കേന്ദ്രങ്ങളില്‍ പ്രവേശനം ഉറപ്പാക്കണം. പരീക്ഷയ്ക്ക് എത്തുന്നവര്‍ ഹാള്‍ ടിക്കറ്റിനൊപ്പം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും നിര്‍ബന്ധമായും കരുതണം. പരീക്ഷാ ഹാളില്‍ എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ നടപടികള്‍ക്കോ ക്രമക്കേടുകള്‍ക്കോ ശ്രമിച്ചാല്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് എന്‍ടിഎയുടെ ശക്തമായ മുന്നറിയിപ്പുണ്ട്.
രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി മൊത്തം 5,440 പരീക്ഷാ കേന്ദ്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിന്റെ മേല്‍നോട്ടത്തിനായി 674 സിറ്റി കോര്‍ഡിനേറ്റര്‍മാരെയും 6,669 പ്രത്യേക നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത അഭിമാനപ്രശ്‌നമായി മാറിയ ഈ പരീക്ഷയില്‍ ഒരു തരത്തിലുള്ള വീഴ്ചയും ആവര്‍ത്തിക്കാതിരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളിലാണ് ചോദ്യപേപ്പറുകള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചത്.
പരീക്ഷാ കേന്ദ്രങ്ങളിലും പരിസരത്തുമായി രണ്ടരലക്ഷം പോലീസ് ഉദ്യോഗസ്ഥരെയും പതിനയ്യായിരം അര്‍ധസൈനികരെയുമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും പൂര്‍ണ്ണമായ സുരക്ഷാച്ചുമതല അര്‍ധസൈനിക വിഭാഗത്തിനാണ് നല്‍കിയിട്ടുള്ളത്. പരീക്ഷാ കേന്ദ്രങ്ങളില്‍ ആള്‍മാറാട്ടവും ഹൈടെക് കോപ്പിയടിയും തടയുന്നതിനായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും അമ്പതിനായിരത്തിലധികം സിഗ്‌നല്‍ ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറ ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ എന്‍ടിഎ പ്രത്യേക സംഘത്തെ നിയോഗിച്ചതിനൊപ്പം, സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളും ചോര്‍ച്ചകളും തടയാന്‍ ഒരു ഹൈ-ലെവല്‍ മോണിറ്ററിങ് സെന്ററും സജ്ജമാക്കിയിട്ടുണ്ട്.
കനത്ത സുരക്ഷാ വലയത്തില്‍ നീറ്റ് പുനഃപരീക്ഷ ഇന്ന്; പരീക്ഷയെഴുതുന്നത് 23 ലക്ഷത്തോളം വിദ്യാർത്ഥികൾ