തിരുവനന്തപുരം: ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത 'നായകൻ' 4K ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്. പതിനാറ് വർഷങ്ങൾക്ക് ശേഷം ചിത്രം സെപ്റ്റംബർ 04-നാണ് ആഗോളതലത്തിൽ റീ-റിലീസ് ചെയ്യുന്നത്.
2010-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന 'വരദനുണ്ണി' എന്ന കഥകളി കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തിയത്. റിലീസ് വേളയിൽ ബോക്‌സ് ഓഫീസിൽ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും, പ്നാൾട്ടിൽ ഇന്ദ്രജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഈ കഥാപാത്രം വിലയിരുത്തപ്പെടുന്നത്. പി.എസ്. റഫീക്കിന്റെ രചനയിൽ ഒരുങ്ങിയ ചിത്രത്തിൽ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി തുടങ്ങിയ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമ്മിച്ചത്.
'ദേവദൂതൻ', 'ഛോട്ടാ മുംബൈ', 'ഫ്രണ്ട്‌സ്', 'സമ്മർ ഇൻ ബത്‌ലഹേം' എന്നീ ചിത്രങ്ങളുടെ വിജയകരമായ റീ-റിലീസുകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് 'നായകന്റെ' 4K ഡോൾബി അറ്റ്‌മോസ് റീമാസ്റ്ററിംഗ് നിർവ്വഹിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.മനോജ് പരമഹംസയുടെ ഛായാഗ്രഹണവും പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയ രീതിയിൽ ശ്രദ്ധ നേടി കൊടുത്തിരുന്നു. എഡിറ്റിംഗ് മനോജും, സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും നിർവ്വഹിച്ചിരിക്കുന്നു.