അറ്റ്‌ലാന്റ: ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന മത്സരത്തില്‍ ഹെയ്തിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മൊറോക്കോ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. രണ്ട് തവണ പിന്നിലായ ശേഷമായിരുന്നു മൊറോക്കോയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. എന്നാല്‍ ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ തകര്‍ത്ത ബ്രസീല്‍ മികച്ച ഗോള്‍ വ്യത്യാസത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ മൊറോക്കോയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതോടെ പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സോ ജപ്പാനോ ആയിരിക്കും മൊറോക്കോയുടെ എതിരാളികള്‍.
മത്സരത്തില്‍ തോറ്റെങ്കിലും 52 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ലോകകപ്പില്‍ ആദ്യമായി ഗോളുകള്‍ നേടാനായതിന്റെ ആശ്വാസത്തിലാണ് ഹെയ്തി മടങ്ങുന്നത്. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോണോയുടെ സെല്‍ഫ് ഗോളിലൂടെ ഹെയ്തി മുന്നിലെത്തിയിരുന്നു. എന്നാല്‍ 39-ാം മിനിറ്റില്‍ സൂപ്പര്‍ താരം അഷ്‌റഫ് ഹക്കിമിയിലൂടെ മൊറോക്കോ സമനില പിടിച്ചു.
പക്ഷേ, ഹെയ്തി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. നാല് മിനിറ്റുകള്‍ക്കകം വില്‍സണ്‍ ഇസിഡോറിന്റെ മനോഹരമായ ലോങ് റേഞ്ചര്‍ ഗോളിലൂടെ ഹെയ്തി വീണ്ടും ലീഡ് തിരിച്ചുപിടിച്ചു (2-1). എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇസ്മായില്‍ സൈബാരിയിലൂടെ മൊറോക്കോ വീണ്ടും സമനില കണ്ടെത്തി. ഈ ലോകകപ്പില്‍ സൈബാരി നേടുന്ന തുടര്‍ച്ചയായ മൂന്നാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സൂഫിയാന്‍ റഹീമിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. റഹീമിയുടെ പവര്‍ഫുള്‍ ഷോട്ട് ഹെയ്തി ഡിഫന്‍ഡറുടെ ശരീരത്തില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. തൊട്ടുപിന്നാലെ റഹീമിയുടെ പാസില്‍ നിന്ന് ഗെസീം യാസിന്‍ മൊറോക്കോയുടെ നാലാം ഗോളും പട്ടികയും തികച്ചു.
തോല്‍വിയോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും, 1974-ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ഹെയ്തി മികച്ച പോരാട്ടവീര്യമാണ് അറ്റ്‌ലാന്റയിലെ സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചത്.
ഹെയ്തിയെ വീഴ്ത്തി മൊറോക്കോ നോക്കൗട്ടില്‍; ഗോള്‍ വ്യത്യാസത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീല്