Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മഴക്കാല മുന്നൊരുക്കം: സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തരമായി സജ്ജമാക്കാൻ മന്ത്രി എം. ലിജുവിന്റെ കർശന നിർദ്ദേശം

മഴക്കാല മുന്നൊരുക്കം: സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തരമായി സജ്ജമാക്കാൻ മന്ത്രി എം. ലിജുവിന്റെ കർശന നിർദ്ദേശം

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും ആവശ്യമായത്ര ദുരിതാശ്വാസ ക്യാമ്പുകള്‍ അടിയന്തരമായി സജ്ജമാക്കാന്‍  സഹകരണ എക്‌സൈസ്  വകുപ്പ് മന്ത്രി അഡ്വ. എം ലിജു ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എം.എല്‍.എമാരായ എ ഡി തോമസ്, റെജി ചെറിയാന്‍, പി പ്രസാദ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്‍ എന്നിവര്‍ നേരിട്ടും എം എസ് അരുണ്‍ കുമാര്‍ എം എല്‍ എ  ഓണ്‍ലൈനായും പങ്കെടുത്തു.  ജില്ല കളക്ടര്‍ ഷാജി വി.നായരുടെ  സാന്നിധ്യത്തിലായിരുന്നു യോഗം.  

റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി ദുരിതാശ്വാസ ക്യാമ്പുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി എം.ലിജു പറഞ്ഞു. ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ ഉറപ്പുവരുത്തണം. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പരിധികളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന് ഉറപ്പുവരുത്താന്‍ ജോയിന്റ് ഡയറക്ടര്‍ എല്‍എസ്ജി ഡിയെ ചുമതലപ്പെടുത്തി. വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനായി ഓടകള്‍, തോടുകള്‍, കനാലുകള്‍ എന്നിവ അടിയന്തരമായി വൃത്തിയാക്കണമെന്നും  ഇതിനാവശ്യമായ നടപടി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജില്ലാതല,താലൂക്ക് തല, പഞ്ചായത്ത് തല കണ്‍ട്രോള്‍ റൂമുകളും വകുപ്പുതല കണ്‍ട്രോള്‍ റൂമുകളും ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണം.  മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ജലനിരപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ആവശ്യമായ ഓരുമുട്ടുകള്‍ തുറന്നുകൊടുക്കുകയും വേണം. നീരൊഴുക്ക് സുഗമമാക്കുന്നതിന്
തോടുകളിലെ പ്രീ-മണ്‍സൂണ്‍ ക്ലീനിങ് ഉടന്‍ പൂര്‍ത്തിയാക്കണം. അതേസമയം തണ്ണീര്‍മുക്കം ബണ്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതായും ജില്ലയിലെ 617 ഒരുമുട്ടുകളില്‍ 521എണ്ണവും തുറന്നതായും മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. 

ജില്ലയിലെ കടലാക്രമണ സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ ഉടന്‍ കണക്കാക്കി   ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. തോട്ടപ്പള്ളിയിലെ പൊഴിമുറിക്കുന്നതിന്  ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴക്കാലത്തെ പകര്‍ച്ചവ്യാധി സാധ്യതകള്‍ കണക്കിലെടുത്തു ഹോട്ട്‌സ്‌പോട്ടുകള്‍ ഐഡന്റിഫൈ ചെയ്ത് ബോധവല്‍ക്കരണം നടത്തുന്നതായും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഫ്‌ലോട്ടിങ് ഡിസ്‌പെന്‍സറി, വാട്ടര്‍ ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍  നിയമനം നടത്തും. ഷിഗല്ല രോഗബാധയുണ്ടായ ആറാട്ടുപുഴയിലെ 8600 വീടുകളില്‍ ക്ലോറിന്‍ ടാബ്ലറ്റ് നല്‍കിയതായും സൂപ്പര്‍ കോറിനേഷന്‍ ചെയ്യുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു. 

കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായും കൃഷിയിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പമ്പ് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നാതായും  ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റുന്നതിന് അപേക്ഷ നല്‍കിയിട്ടും ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നില്ലെന്ന്  കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  ചൂണ്ടിക്കാട്ടി. ഇത്തരം വൃക്ഷങ്ങളുടെ കാര്യത്തില്‍ പഞ്ചായത്തുകളിലെ ട്രീ കമ്മിറ്റികള്‍ അടിയന്തരമായി ഓഡിറ്റു നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ജലാശയങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പി പ്രസാദ് എംഎല്‍എ പറഞ്ഞു.

ചേര്‍ത്തല താലൂക്കില്‍ 12 ദിവസമായി നിലനില്‍ക്കുന്ന കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും തിരുവിഴ അണ്ടര്‍പ്പാസിലെ കുടിവെള്ള പൈപ്പില്‍ ഉണ്ടായ ലീക്കിന്  എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും എ ഡി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.ജില്ലാ കളക്ടര്‍ ഷാജി വി നായര്‍, ജില്ലാ പോലീസ് മേധാവി എംപി മോഹന ചന്ദ്രന്‍, എഡിഎം ബി ജ്യോതി, കെ.സി.വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി മുന്‍ എം.എല്‍.എ എ.എ.ഷുക്കൂര്‍, മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജില്പാ പഞ്ചായത്ത് അംഗം  ജോണ്‍ തോമസ്,  ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Related articles

See all
Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Save your stories

Sign in