തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അമിതമായ തിരക്ക് പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ കൈക്കൊണ്ട അത്യാധുനിക പരിഷ്കാരങ്ങൾക്ക് ആരോഗ്യരംഗത്തുനിന്നും വലിയ പിന്തുണ. തിരക്ക് കുറയ്ക്കുന്നതിനും രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനുമായി പുലയനാർക്കോട്ട ആശുപത്രിയിൽ പുതിയ മെഡിസിൻ ഒപി ആരംഭിച്ച മന്ത്രിയുടെ നടപടിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തി. അവശരായി എത്തുന്ന പാവപ്പെട്ട രോഗികൾക്ക് ഇത് വലിയൊരു ആശ്വാസമാണെന്ന് അദ്ദേഹം കുറിച്ചു.
ഗുരുതരാവസ്ഥയിലും കടുത്ത വേദനയിലും പ്രധാന ആശുപത്രികളിൽ നിന്ന് റഫർ ചെയ്യപ്പെട്ടു വരുന്ന രോഗികളെ കട്ടിലിനടിയിലും വരാന്തയുടെ കോണുകളിലും തള്ളുന്നത് പൊറുക്കാനാകാത്ത തെറ്റാണെന്ന് ഡോ. ഹാരിസ് ചൂണ്ടിക്കാട്ടി. അവശരായി എത്തുന്ന ജനങ്ങൾക്ക് കിടക്കാൻ വൃത്തിയുള്ള ഒരു സ്ഥലവും ബെഡും നൽകുക എന്നത് അടിസ്ഥാനപരമായ ആവശ്യമാണ്. കാലങ്ങളായി മെഡിക്കൽ കോളേജ് നേരിടുന്ന ഈ വലിയ പ്രതിസന്ധിക്ക് കൃത്യമായ നടപടികളിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ തീരുമാനം ഏറെ നന്മ നിറഞ്ഞതാണെന്നും അദ്ദേഹം അഭിനന്ദിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ പുതിയ കെട്ടിടങ്ങളോ വാർഡുകളോ നിർമ്മിക്കാൻ ആവശ്യമായ സ്ഥലസൗകര്യമില്ല. മൂന്ന് വർഷങ്ങൾക്ക് മുമ്പ് 250 ബെഡുകളുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയതാണ് ഇപ്പോഴത്തെ കടുത്ത തിരക്കിന് പ്രധാന കാരണം. എന്നാൽ പുലയനാർക്കോട്ടയിൽ ധാരാളം സ്ഥലം ലഭ്യമായതിനാൽ മെഡിക്കൽ കോളേജിലെ ചില പ്രധാന ഡിപ്പാർട്ട്മെന്റുകൾ തന്നെ അങ്ങോട്ട് മാറ്റാൻ സാധിക്കും. കൂടാതെ, നഗരത്തിലെ ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവയെ മെഡിക്കൽ കോളേജുകളാക്കി ഉയർത്തുന്നത് സാധാരണക്കാരായ ഒട്ടനവധി രോഗികൾക്ക് വലിയ സഹായമാകുമെന്നും ഡോക്ടർ നിർദ്ദേശിക്കുന്നു.
തലസ്ഥാനത്തെ പുതിയ മെഡിക്കൽ കോളേജുകളിൽ ബേസിക് സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയ ശേഷം, പ്രധാന മെഡിക്കൽ കോളേജിനെ പൂർണ്ണമായും സൂപ്പർ സ്പെഷ്യാലിറ്റിയാക്കി മാറ്റണം. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ഒങ്കോളജി, പ്ലാസ്റ്റിക് സർജറി, റോബോട്ടിക്സ്, ട്രാൻസ്പ്ലാന്റേഷൻ തുടങ്ങിയ അത്യാധുനിക ചികിത്സാ വിഭാഗങ്ങൾക്ക് ഇവിടെ കൂടുതൽ ഊന്നൽ നൽകണം. ആധുനിക ചികിത്സാരീതികൾ സാധാരണ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കണം. ഇത്തരം ജനോപകാരപ്രദമായ തീരുമാനങ്ങൾ ഓഫീസുകളിലെ ചുവപ്പുനാടകളിൽ കുടുങ്ങി വൈകിപ്പിക്കാതെ, യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം ആരോഗ്യ മന്ത്രിയോട് അഭ്യർത്ഥിച്ചു.