പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'ഐ നോബഡി'യുടെ പകർപ്പവകാശം സംരക്ഷിക്കുന്നതിനായി ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി കർശനമായ 'ജോൺ ഡോ ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കുവേണ്ടി അഡ്വ. സ്വേത ശ്രീധർ ഹാജരായ ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് കെ. കുമരേഷ് ബാബു പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം ചിത്രത്തിന്റെ അനധികൃത ചിത്രീകരണം, റെക്കോർഡിംഗ്, പകർപ്പെടുക്കൽ, അപ്‌ലോഡ്, പ്രക്ഷേപണം, വിതരണം, സോഷ്യൽ മീഡിയയിലൂടെയുള്ള പങ്കുവെക്കൽ എന്നിവയുൾപ്പെടെയുള്ള എല്ലാ പകർപ്പവകാശ ലംഘനങ്ങളും കർശനമായി വിലക്കിയിട്ടുണ്ട്.
തിയേറ്ററുകളിലോ പ്രിവ്യൂ ഷോകളിലോ ചിത്രത്തിന്റെ അനധികൃത വീഡിയോ ചിത്രീകരണം നടത്തുന്നവർ, പൈറേറ്റഡ് ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്ന കേബിൾ/ഡി.ടി.എച്ച് ഓപ്പറേറ്റർമാർ, ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവർക്കെതിരെ ഈ ഉത്തരവ് പ്രകാരം ശക്തമായ നടപടിയുണ്ടാകും. കൂടാതെ പൈറേറ്റഡ് കോപ്പികൾ ഹോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റുകൾ, ടോറന്റ് സൈറ്റുകൾ, വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ, മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി ലിങ്കുകൾ പ്രചരിപ്പിക്കുന്നവർക്കും പൈറേറ്റഡ് ഡിവിഡി നിർമ്മിക്കുന്നവർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കും.
ഈ ഉത്തരവിന്റെ ഏറ്റവും വലിയ പ്രത്യേകത, സിനിമയുടെ പൈറേറ്റഡ് പതിപ്പുകളോ ലിങ്കുകളോ കണ്ടെത്തുന്ന മുറയ്ക്ക് തന്നെ, പ്രത്യേക കോടതി ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും നിർമ്മാതാക്കൾക്ക് നേരിട്ട് ഇന്റർനെറ്റ് സേവനദാതാക്കൾക്കും ബന്ധപ്പെട്ട അധികാരികൾക്കും നിർദ്ദേശം നൽകാം എന്നതാണ്. സിനിമാറ്റോഗ്രാഫ് ആക്ട്, കോപ്പിറൈറ്റ് ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരം സിനിമയുടെ പൈറസി ഗുരുതരമായ ക്രിമിനൽ കുറ്റമായതിനാൽ, ഇതിൽ ഏർപ്പെടുന്നവർക്ക് തടവുശിക്ഷയും കനത്ത പിഴയും നേരിടേണ്ടി വരും.
'ഐ നോബഡി' സിനിമയുടെ ഏതെങ്കിലും തരത്തിലുള്ള അനധികൃത പതിപ്പുകൾ പങ്കുവെക്കുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമെതിരെ ശക്തമായി മുന്നോട്ട് പോകുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പൈറസി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങളും, തിയേറ്റർ ഉടമകളും, സിനിമാ മേഖലയിലെ സംഘടനകളും ഉടൻ തന്നെ നിർമ്മാതാക്കളെയോ അധികാരികളെയോ അറിയിച്ച് സഹകരിക്കണമെന്നും അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു.