മമ്മൂട്ടി ചിത്രം 'റോഷാക്കി'ന്റെ വൻ വിജയത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐ, നോബഡി'യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ജൂലൈ 9-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സൂപ്പർ ഹിറ്റുകളായ 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതുവരെ മലയാള സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ്ങിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ഹീസ്റ്റ് (Heist) ഴോണർ സിനിമയായിരിക്കും ഇതെന്ന് നിലവിൽ ട്രെൻഡിങ്ങിലുള്ള ടീസർ സൂചന നൽകുന്നു. 'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിച്ചിരിക്കുന്നത്. വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ചേർന്ന് ഒരുക്കുന്ന അഞ്ച് ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളും ത്രസിപ്പിക്കുന്ന കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, സന അൽതാഫ്, ഇർഷാദ് അലി തുടങ്ങിയ പ്രമുഖർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണ് ഉള്ളത്. ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയ് - പൃഥ്വിരാജ് കൂട്ടുകെട്ടിലാണ് ഗാനങ്ങൾ ഒരുങ്ങുന്നത്. സിദ് കൗശാൽ വരികളെഴുതി സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോൺ, സിമ്രാൻ കൗർ എന്നിവർ ചേർന്ന് ആലപിച്ച "ആന്തം ഓഫ് നോബഡി" എന്ന ഗാനം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും റമീസ് എംബി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പി ആർ ഒ എ എസ് ദിനേശാണ്.