ഹരിപ്പാട്: പോഷകാഹാരക്കുറവ് മൂലം ഹരിപ്പാട്ട് രണ്ട് വയസ്സുള്ള കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഹരിപ്പാടുള്ള കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് അവർ വ്യക്തമാക്കി.
ഈ കുടുംബത്തിലെ കുട്ടികളുടെ അപകടകരമായ പശ്ചാത്തലം തിരിച്ചറിഞ്ഞ് അവരെ ഗാന്ധിഭവനിലേക്ക് മാറ്റാൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും, മാതാപിതാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് വീട്ടിലേക്ക് തിരികെ അയക്കേണ്ടി വരികയായിരുന്നു. പിന്നീട് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും അങ്കണവാടി പ്രവർത്തകരും കുട്ടികളുടെ വിവരങ്ങൾ അന്വേഷിക്കാൻ എത്തിയപ്പോഴെല്ലാം മാതാപിതാക്കളുടെ ഭാഗത്തുനിന്ന് തികഞ്ഞ നിസ്സഹകരണമാണ് ഉണ്ടായത്.
മിഷൻ വാത്സല്യ ഉൾപ്പെടെയുള്ള നിലവിലെ എല്ലാ പദ്ധതികളും ശിശു സംരക്ഷണത്തിന് പ്രയോജനപ്പെടുത്തും. ഒക്ടോബർ 27 ന് ശിശുക്ഷേമ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരും. അപകടകരമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന കുട്ടികളുടെ പട്ടിക പുനഃ പരിശോധിച്ച് വിപുലീകരിക്കും. കുട്ടികളുടെ അമ്മയ്ക്ക് കൗൺസിലിംഗ് നൽകും. കുഞ്ഞ് മരിക്കുമ്പോൾ വയറ്റിൽ ആഹാരം ഉണ്ടായിരുന്നില്ല എന്നത് ഏറെ വേദനാജനകമാണെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.