സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് ഫ്ലിപ്കാർട്ട് പുതിയ ഫുഡ് ഡെലിവറി സേവനത്തിന് ഒരുങ്ങുന്നു. ‘ഈറ്റ് ഇൻ മിനിറ്റ്സ്’ (Eat in Minutes) എന്ന പേരിലാണ് ഫ്ലിപ്കാർട്ട് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്. ടെക് ക്രഞ്ചിന്റെ റിപ്പോർട്ട് പ്രകാരം നിലവിൽ ബെംഗളൂരുവിലാണ് ഈ സേവനത്തിന്റെ പരീക്ഷണങ്ങൾ നടക്കുന്നത്. ഈ മാസം അവസാനത്തോടെ സേവനം പൊതുജനങ്ങൾക്കായി ഔദ്യോഗികമായി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
എന്താണ് 'ഈറ്റ് ഇൻ മിനിറ്റ്സ്'?
ഫ്ലിപ്കാർട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ഫുഡ് ഡെലിവറി സേവനമാണ് 'ഈറ്റ് ഇൻ മിനിറ്റ്സ്'. കമ്പനിയുടെ പ്രധാന ഷോപ്പിങ് ആപ്പിൽ ഒരു പ്രത്യേക ടാബിലൂടെയായിരിക്കും ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം ലഭിക്കുക. ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്ന ക്വിക്ക് കൊമേഴ്സ് സേവനത്തിന്റെ അതേ മാതൃകയിലാണ് പുതിയ സംവിധാനവും രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2026 ഒക്ടോബർ അവസാനത്തോടെ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും, കൃത്യമായ തീയതിയും ആദ്യഘട്ടത്തിൽ ഏതൊക്കെ നഗരങ്ങളിലേക്കാണ് സേവനം വ്യാപിപ്പിക്കുന്നതെന്ന കാര്യവും കമ്പനി ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും തുടക്കത്തിൽ തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാകാൻ സാധ്യത.
നിലവിൽ കമ്പനി സ്വന്തം ജീവനക്കാർക്കിടയിലാണ് ഈ സേവനം പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ നൂറോളം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി തുടങ്ങിയ പരീക്ഷണത്തിൽ ഇപ്പോൾ 8,000-ത്തോളം ജീവനക്കാരാണ് പങ്കാളികളാകുന്നത്. സേവനത്തിന്റെ സുഗമമായ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും ഇത് പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുക.
ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ONDC) വഴി ലിസ്റ്റ് ചെയ്തിട്ടുള്ള റെസ്റ്റോറന്റുകളിൽ നിന്നും, ഫ്ലിപ്കാർട്ടിൽ നേരിട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ റെസ്റ്റോറന്റുകളിൽ നിന്നുമുള്ള ഭക്ഷണങ്ങൾ ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉപഭോക്താക്കളെയും ചെറുകിട വിൽപനക്കാരെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഡിജിറ്റൽ വാണിജ്യ ശൃംഖലയാണ് ഒ.എൻ.ഡി.സി. (ONDC).