വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ തിയേറ്ററുകളിൽ ഗംഭീര വിജയം നേടി മുന്നേറുന്നു. ജൂലൈ മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഏറെ ആസ്വാദ്യകരമായ 'ചിൽ മമ്മി' എന്ന വീഡിയോ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഷോൺ റോൾഡൻ ഈണം പകർന്ന ഗാനത്തിന് വരികൾ കുറിച്ചത് മോഹൻ രാജനാണ്. മിത്രൻ ഷെൻബഗരാജാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ നടക്കുന്ന രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ പുറത്തുവന്ന 'ചിൽ മമ്മി' എന്ന ഗാനത്തിന്റെ പ്രധാന ആകർഷണം. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് പ്രമുഖ ബാനറായ E4 എന്റർടൈൻമെന്റാണ്. കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം നിലവിൽ പ്രദർശിപ്പിക്കുന്നത്.
ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം എത്തിയ ഈ രണ്ടാം ഭാഗം വിഷ്ണു വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഗുസ്തി രംഗങ്ങളും ആക്ഷനും നിറഞ്ഞ ഒരു സ്പോർട്സ് ഡ്രാമ എന്നതിനൊപ്പം, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഫാമിലി കോമഡിയും ഇമോഷണൽ രംഗങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കെ.എം. ഭാസ്കരൻ ഛായാഗ്രഹണവും ഭരത് വിക്രമൻ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ കലാസംവിധാനം ജയചന്ദ്രനാണ്. രുചി മുനൊത്ത് വസ്ത്രാലങ്കാരവും സിദ്ധാർഥ് ശ്രീനിവാസ് മാർക്കറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ പിആർഒ ശബരിയാണ്.