മാഞ്ചെസ്റ്റര്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര് സിറ്റിക്കെതിരേ ചുമത്തിയ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള് നിലനില്ക്കുമെന്ന് പ്രീമിയര് ലീഗ് അധികൃതര്. നൂറിലധികം കുറ്റങ്ങളില് സിറ്റി കുറ്റക്കാരാണെന്ന് സ്വതന്ത്ര കമ്മീഷന് കണ്ടെത്തിയതായി ലീഗ് ഔദ്യോഗികമായി വ്യക്തമാക്കി. അതേസമയം, വിധിക്കെതിരെ അപ്പീല് നല്കുമെന്ന് ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി ക്ലബ്ബ് സാമ്പത്തിക ചട്ടങ്ങള് നിരന്തരം ലംഘിക്കുകയാണെന്ന് പ്രീമിയര് ലീഗ് ചീഫ് എക്സിക്യുട്ടീവ് റിച്ചാര്ഡ് മാസ്റ്റേഴ്സ് പറഞ്ഞു. ഒന്പത് സീസണുകളിലായി പ്രീമിയര് ലീഗിന്റെ സാമ്പത്തിക നിയമാവലി ലംഘിച്ചതുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളിലും ക്ലബ്ബ് കുറ്റക്കാരാണെന്നാണ് സ്വതന്ത്ര കമ്മിഷന്റെ കണ്ടെത്തല്. കൂടാതെ ലീഗിന്റെ അന്വേഷണ നടപടികളോട് സഹകരിച്ചില്ല എന്ന കുറ്റവും സിറ്റിക്കെതിരെ തെളിഞ്ഞിട്ടുണ്ട്.
2009 മുതല് 2018 വരെയുള്ള കാലയളവില് തെറ്റിദ്ധരിപ്പിക്കുന്ന സാമ്പത്തിക വിവരങ്ങള് നല്കി, സാമ്പത്തിക സ്രോതസ്സുകള് മറച്ചുവെച്ചു, സ്പോണ്സര്ഷിപ്പ് വരുമാനം വര്ദ്ധിപ്പിച്ചു കാണിച്ചു തുടങ്ങി നൂറിലധികം ഗൗരവകരമായ കുറ്റങ്ങളാണ് 2023 ഫെബ്രുവരിയില് പ്രീമിയര് ലീഗ് സിറ്റിക്കെതിരെ ചുമത്തിയത്. ഇവയെല്ലാം ശരിവെക്കുന്ന സുപ്രധാന കണ്ടെത്തലാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്.
വിഷയത്തില് കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ മാഞ്ചെസ്റ്റര് സിറ്റിക്കെതിരെ പ്രീമിയര് ലീഗില്നിന്ന് കടുത്ത അച്ചടക്ക നടപടികളുണ്ടാകുമെന്ന് ഉറപ്പായി. ലീഗില് പോയിന്റുകള് വെട്ടിക്കുറയ്ക്കുകയോ, അല്ലെങ്കില് പ്രീമിയര് ലീഗില് നിന്ന് തന്നെ പുറത്താക്കുകയോ ചെയ്യുന്നതടക്കമുള്ള കഠിനമായ ശിക്ഷാ നടപടികള് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്ട്ടുകള്.