ഫുട്ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ മഹാമേളയ്ക്ക് ഇന്ന് തിരശ്ശീല ഉയരുകയാണ്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡം വേദിയാവുമ്പോള്‍, ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരമായ മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക ക്ലാസിക്ക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം ഇന്ന് നടക്കുന്നതോടെ കാല്‍പ്പന്ത് പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. മെക്‌സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്‌ടെക്ക സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം ജൂണ്‍ 12 പുലര്‍ച്ചെ 12:30-നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ആദ്യ സ്റ്റേഡിയം എന്ന അപൂര്‍വ്വ നേട്ടം കൂടിയാണ് ഇതോടെ എസ്റ്റാഡിയോ ആസ്‌ടെക്ക സ്വന്തമാക്കുന്നത്. കൃത്യം 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ തനിയാവര്‍ത്തനമാണ് ഈ മത്സരം. അന്ന് മെക്സിക്കോയ്‌ക്കെതിരെ സിഫിവ ത്ഷബാലാല നേടിയ ചരിത്രപ്രസിദ്ധമായ ഗോള്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഇന്നും ആവേശമാണ്. അന്ന് കളത്തില്‍ ഉണ്ടായിരുന്ന റാഫേല്‍ മാര്‍ക്വേസ് ഇത്തവണ മെക്സിക്കോയുടെ പരിശീലക സംഘത്തില്‍ സഹപരിശീലകനായി വീണ്ടും കളത്തിലെത്തുന്നു എന്നത് പ്രത്യേകതയാണ്.
ഇത്തവണത്തെ ലോകകപ്പ് പല നിലയിലും സവിശേഷമാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 16 സ്റ്റേഡിയങ്ങളിലായാണ് ആവേശം അലതല്ലുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റ് എന്ന നിലയില്‍, 12 ഗ്രൂപ്പുകളിലായി 104 മത്സരങ്ങളാണ് ആകെ നടക്കാന്‍ പോകുന്നത്.
ഫുട്‌ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം; എസ്റ്റാഡിയോ ആസ്‌ടെക്കയിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ