മെക്‌സിക്കോ സിറ്റി: ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന 2026 ഫിഫ ലോകകപ്പിന് ഇന്ന് (ജൂണ്‍ 11) കിക്കോഫ്. മെക്‌സിക്കോ സിറ്റിയിലെ ഐതിഹാസികമായ എസ്റ്റാഡിയോ ആസ്‌ടെക്ക സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ലോകത്തിലെ ആദ്യ സ്റ്റേഡിയമെന്ന ചരിത്രനേട്ടം കൂടി ഇതോടെ എസ്റ്റാഡിയോ ആസ്‌ടെക്ക സ്വന്തമാക്കും.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതിപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. പങ്കാളിത്തം 32 ടീമുകളില്‍ നിന്ന് 48 ടീമുകളായി ഉയര്‍ത്തിയതോടെ ആവേശം ഇരട്ടിയായി. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലായി ആറു ആഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 104 മത്സരങ്ങളാണുള്ളത്. ഡാളസ്, ലോസ് ഏഞ്ചല്‍സ്, മിയാമി, ടൊറന്റോ തുടങ്ങിയ പ്രധാന നഗരങ്ങളിലെ 16 സ്റ്റേഡിയങ്ങളിലായി മത്സരം അരങ്ങേറും. ജൂലൈ 19-ന് ന്യൂയോര്‍ക്ക്-ന്യൂജേഴ്‌സിയില്‍ നടക്കുന്ന മെഗാ ഫൈനലോടെ ലോകകപ്പിന് തിരശ്ശീല വീഴും.
ഈ ലോകകപ്പിലൂടെ ഫിഫ ഏകദേശം 11 ബില്യണ്‍ ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ ലോകകപ്പിലെ 7 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് വന്‍ കുതിപ്പാണിത്. മത്സരങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും വിപുലമായ സംപ്രേക്ഷണാവകാശങ്ങളുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കുന്നത്.
കേപ് വെര്‍ഡെ, കുറക്കാവോ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ലോകകപ്പ് അരങ്ങേറ്റത്തിന് ഈ ടൂര്‍ണമെന്റ് വേദിയൊരുക്കുന്നു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ചില വമ്പന്‍ ടീമുകളുടെ തിരിച്ചുവരവും ടൂര്‍ണമെന്റിനെ കൂടുതല്‍ ആവേശഭരിതമാക്കുന്നു. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഹെയ്തി, കോംഗോ എന്നീ രാജ്യങ്ങളെത്തുമ്പോള്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറാഖ് കളിക്കാനൊരുങ്ങുന്നത്. ഓസ്ട്രിയ, സ്‌കോട്ട്‌ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം കളിക്കളത്തിലിറങ്ങും.
ദക്ഷിണാഫ്രിക്ക, പരാഗ്വേ, ന്യൂസിലന്‍ഡ്, ഐവറി കോസ്റ്റ് തുടങ്ങിയ ടീമുകളുടെ സാന്നിധ്യം കൂടി ഉറപ്പായതോടെ ഈ ലോകകപ്പ് അവിസ്മരണീയമായ മത്സരങ്ങള്‍ക്ക് വേദിയാകുമെന്ന് ഉറപ്പാണ്.
ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കം: ഫുട്ബോള്‍ ലോകം ഇനി ആവേശത്തിരയില്‍: 2026 ലോകകപ്പിന് ഇന്ന് കിക്കോഫ്