ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായ 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും. ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ദുൽഖറിന്റെ സ്റ്റൈലിഷ് ലുക്ക് ഉൾക്കൊള്ളുന്ന പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ ട്രെയ്‌ലർ റിലീസ് പ്രഖ്യാപിച്ചത്.
നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ഈ ആക്ഷൻ ത്രില്ലർ അദ്ദേഹത്തിന്റെ 40-ാമത് സിനിമ കൂടിയാണ്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ അതീവ സ്റ്റൈലിഷും മാസ് ലുക്കിലുമായാണ് ദുൽഖർ സൽമാൻ എത്തുന്നത്. ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 'ആർഡിഎക്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും 'ഐ ആം ഗെയിം'നുണ്ട്.
ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതാവകാശം സീ മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
'ലൂക്ക'യുടെ വമ്പൻ വിജയത്തിന് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും 'ഐ ആം ഗെയിം' സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരിക്കുകയാണ്.
ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം' ട്രെയ്‌ലർ നാളെ; റിലീസ് ഓണത്തിന്