ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലെ ദുൽഖറിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്.'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. കാരക്ടർ പോസ്റ്ററിനൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ 'ചിട്ടി ചിട്ടി ചീമ'യും ഇന്ന് പുറത്തിറങ്ങും.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. പുതുമുഖ നടി സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായിക.
പുറത്തുവിട്ട കാരക്ടർ പോസ്റ്റർ ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത് വളരെ സാധാരണക്കാരനായ ഒരു യുവാവിന്റെ കഥാപാത്രമാണെന്ന സൂചന നൽകുന്നു. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും നായികയെ പരിചയപ്പെടുത്തിയ ഗ്ലിംപ്സ് വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഹൃദയസ്പർശിയായ ഒരു ഫീൽ-ഗുഡ് ഡ്രാമയായിരിക്കും ചിത്രമെന്ന പ്രതീക്ഷയാണ് ഈ പ്രമോഷൻ സാമഗ്രികൾ നൽകുന്നത്.
'മഹാനടി', 'സീത രാമം', 'ലക്കി ഭാസ്കർ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിച്ച ദുൽഖർ, പ്രഭാസ് നായകനായ 'കൽക്കി 2898 എഡി'യിലും ശ്രദ്ധേയമായ അതിഥി വേഷത്തിൽ എത്തിയിരുന്നു. അതിന് ശേഷമെത്തുന്ന ദുൽഖറിന്റെ തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക താര'. താരത്തിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേതെന്നാണ് സൂചന.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ദേശീയ പുരസ്‌കാര ജേതാവായ ജി. വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.പി.ആർ.ഒ: ശബരി