യൂസര് നെയിം ഫീച്ചറുമായി ബന്ധപ്പെട്ട് വാട്സാപ്പിന് പിന്നാലെ പ്രമുഖ മെസ്സേജിങ് ആപ്പുകളായ ടെലിഗ്രാമിനും സിഗ്നലിനും കൂടി നോട്ടീസയച്ച് കേന്ദ്ര സര്ക്കാര്. ഫോണ് നമ്പര് പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാന് സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചര്. എന്നാല് ഈ സംവിധാനം എങ്ങനെയാണ് നടപ്പാക്കുന്നതെന്നും ഇതില് എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും വ്യക്തമാക്കണമെന്ന് കേന്ദ്ര സര്ക്കാര് നോട്ടീസില് ആവശ്യപ്പെട്ടു. ഓണ്ലൈന് സാമ്പത്തിക തട്ടിപ്പുകളും സൈബര് കുറ്റകൃത്യങ്ങളും വര്ധിക്കുന്ന സാഹചര്യത്തില്, ആള്മാറാട്ടം ഉള്പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്ത്തനങ്ങള് തടയാന് എന്ത് സുരക്ഷാ സംവിധാനങ്ങളാണ് പ്ലാറ്റ്ഫോമുകളിലുള്ളതെന്ന് വിശദീകരിക്കാനും കേന്ദ്രം നിര്ദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര നടപടികള് കര്ശനമാകുന്നതിനിടെ പ്രമുഖ ഐടി കമ്പനിയായ സോഹോയുടെ ചാറ്റ് ആപ്പായ 'അരട്ടൈ' തങ്ങളുടെ യൂസര് നെയിം ഫീച്ചര് നിര്ത്തലാക്കിയതായി പ്രഖ്യാപിച്ചു. സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധര് വെമ്പുവാണ് ഫീച്ചര് പിന്വലിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഓണ്ലൈന് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര തീരുമാനം.
അതേസമയം, യൂസര്നെയിം ഫീച്ചറുമായി ബന്ധപ്പെട്ട കേന്ദ്ര സര്ക്കാരിന്റെ ആശങ്കകള് വാട്സാപ്പ് തള്ളി. ഈ ഫീച്ചര് നിലവില് പരീക്ഷണ ഘട്ടത്തിലാണെന്നും ഇതുവരെ ഔദ്യോഗികമായി പ്രയോഗത്തില് വന്നിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷ പൂര്ണ്ണമായി ഉറപ്പാക്കാതെ ഫീച്ചര് ധൃതിപിടിച്ച് അവതരിപ്പിക്കില്ലെന്നും വാട്സാപ്പ് അധികൃതര് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
യൂസര് നെയിം ഫീച്ചര്: വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്ര സര്ക്കാര് നോട്ടീസ്