അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന കൊള്ളയുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം നടന്ന മഹാകുംഭമേളയുടെ മറവിലാണ് പ്രതികള്‍ വന്‍തോതില്‍ പണം തട്ടാനുള്ള സംഘടിത നീക്കം തുടങ്ങിയതെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തട്ടിപ്പ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ക്കിടയിലെ കടുത്ത ഭിന്നത കാരണമാണ് വിവരം ഇപ്പോള്‍ പുറത്തായതെന്നാണ് സൂചനകള്‍.
സാധാരണ ദിവസങ്ങളില്‍ ഒരു ലക്ഷത്തോളം പേര്‍ എത്തുന്ന അയോധ്യയില്‍ മഹാകുംഭമേള സമയത്ത് പ്രതിദിനം 10 മുതല്‍ 12 ലക്ഷം വരെ വിശ്വാസികളാണ് ദര്‍ശനത്തിനെത്തിയത്. ഈ വന്‍ തിരക്ക് കാരണം സംഭാവനകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. ഇതോടെയാണ് കാണിക്കപ്പണം പുറത്തേക്ക് കടത്താനുള്ള സംഘടിത നീക്കം ആരംഭിക്കുന്നത്. മുന്‍പ് ഒന്ന് രണ്ട് തവണ ജീവനക്കാരില്‍ നിന്ന് പണം പിടികൂടിയിരുന്നെങ്കിലും ട്രസ്റ്റ് പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് വീല്‍ചെയര്‍ സേവനം നല്‍കുന്നവരെപ്പോലും പണം പുറത്തെത്തിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. കൂടാതെ, ക്ഷേത്രത്തിലെ രണ്ട് സിസിടിവി കണ്‍ട്രോള്‍ റൂമുകളില്‍ ഒന്നിന്റെ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണസംഘം പരിശോധിക്കും. അതിനിടെ, മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതി അവിനാശ് ശുക്ല വാങ്ങിയ ആഡംബര കാര്‍ പോലീസ് പിടിച്ചെടുത്തു.
ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ച സ്വര്‍ണ്ണവും ആഭരണങ്ങളും ഉള്‍പ്പെടെയുള്ളവ പൂര്‍ണ്ണമായി ഓഡിറ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ക്ഷേത്ര നിര്‍മ്മാണത്തിനായി ഫണ്ട് ചെലവഴിച്ചതിന്റെ കണക്കുകളും എസ്.ഐ.ടി പരിശോധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതീവ വിശ്വസ്തനായ നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യു.പി സര്‍ക്കാരിന്റെ കീഴിലുള്ള എസ്.ഐ.ടി അന്വേഷിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള ശീതസമരത്തിന്റെ തുടര്‍ച്ചയാണോ എന്ന അഭ്യൂഹമാണ് ഉയരുന്നത്.
അതേസമയം, എസ്.ഐ.ടി അന്വേഷണത്തെ ആര്‍.എസ്.എസ് സ്വാഗതം ചെയ്തു. യു.പിയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നവീന്‍ ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. അയോധ്യ കൊള്ള ഉയര്‍ത്തിവിട്ട രാഷ്ട്രീയ പ്രതിസന്ധിയും തുടര്‍സാഹചര്യങ്ങളും യോഗവുമായുള്ള ചര്‍ച്ചയില്‍ പ്രധാന അജണ്ടയാകും. സംഭാവന കൊള്ള വലിയ വാര്‍ത്തയായെങ്കിലും അയോധ്യയിലേക്കെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ നിലവില്‍ കുറവൊന്നും രേഖപ്പെടുത്തിയിട്ടില്ല.
കുംഭമേളയിലെ തിരക്കില്‍ താല്‍ക്കാലിക ജീവനക്കാര്‍ വഴി കോടികളുടെ ചോര്‍ച്ച; അയോധ്യ തട്ടിപ്പില്‍ പോലീസുകാരും സംശയ നിഴലിൽ