'ജെന്‍ സി' പ്രതിഷേധം: നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കും; കാഠ്മണ്ഡുവിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
ന്യൂഡല്‍ഹി: 'ജെന്‍ സി' പ്രതിഷേധങ്ങളെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും രംഗത്ത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നതിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡുവിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
നേപ്പാളില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ കാരണം വിമാനത്താവളം അടച്ചിട്ടിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത്് വിദേശകാര്യ മന്ത്രാലയം നേപ്പാളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ അവിടെയുള്ളവര്‍ സുരക്ഷിതമായി തുടരണമെന്നും, യാത്രകള്‍ മാറ്റിവെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം, ടിക്കറ്റ് നിരക്ക് ന്യായമായ നിലയില്‍ നിലനിര്‍ത്താന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇന്‍ഡിഗോയും തങ്ങളുടെ പതിവ് സര്‍വീസുകള്‍ക്ക് പുറമെ അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തും.