ന്യൂഡൽഹി: വിവരാവകാശ (ആർടിഐ) നിയമപ്രകാരം തന്റെ വിദ്യാഭ്യാസ യോഗ്യതകളുടെ വിവരങ്ങൾ തേടിയ ബിജെപി പ്രവർത്തകന് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. തന്റെ വിദ്യാഭ്യാസ യോഗ്യതയും സ്കോളർഷിപ്പ് രേഖകളും വിദ്യാഭ്യാസ വായ്പാ വിവരങ്ങളും പരസ്യമാക്കാൻ തയാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ബിജെപി നേതാക്കളും അവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ പുറത്തുവിടാൻ തയ്യാറാകുമോയെന്ന് ചോദിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഭിജീത് ദീപ്കെ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമർശിച്ച അദ്ദേഹം, "എന്റെ സ്കോളർഷിപ്പ് വിവരങ്ങളും വിദ്യാഭ്യാസ വായ്പയുടെ രേഖകളും പുറത്തുവിടാൻ ഞാൻ തയ്യാറാണ്. എന്നാൽ ചക്രവർത്തി തന്റെ ബിരുദം കാണിക്കുമോ?" എന്ന് ചോദിച്ചു.
"സാധാരണക്കാരനായ ഒരു യുവാവ് ബോസ്റ്റൺ സർവകലാശാലയിൽ പഠിച്ചതിൽ ബിജെപിക്ക് എന്താണ് ഇത്ര അസ്വസ്ഥത? ഒരു ബിജെപി പ്രവർത്തകൻ എനിക്കെതിരെ ആർടിഐ അപേക്ഷ നൽകിയതായി കണ്ടു. ഞാൻ എങ്ങനെയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്ന് അറിയാനാണ് അവരുടെ ശ്രമം. എന്നാൽ എനിക്ക് ചോദിക്കാനുള്ളത്, അവരുടെ നേതാക്കൾ സ്വന്തം ബിരുദ സർട്ടിഫിക്കറ്റുകൾ പുറത്തുവിടാൻ തയ്യാറാണോ എന്നതാണ്. എനിക്ക് ലഭിച്ച സ്കോളർഷിപ്പിന്റെയും വിദ്യാഭ്യാസ വായ്പയുടെയും എല്ലാ രേഖകളും വെളിപ്പെടുത്താൻ ഞാൻ തയ്യാറാണ്. ബിജെപി നേതാക്കളും അവരുടെ യഥാർഥ ബിരുദ സർട്ടിഫിക്കറ്റുകൾ പുറത്തുവിടണം. എന്തുകൊണ്ടാണ് എന്റെ വിദ്യാഭ്യാസ പശ്ചാത്തലം ഇപ്പോൾ രാഷ്ട്രീയ വിഷയമാക്കുന്നത്? വിദ്യാഭ്യാസത്തോട് ബിജെപിക്ക് എന്താണ് ഇത്ര വിരോധം?" എന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
അഭിജീത് ദീപ്കെയുടെ അമേരിക്കയിലെ പഠനച്ചെലവിന്റെ ഉറവിടത്തെക്കുറിച്ച് അടുത്തിടെ ഉയർന്ന ആരോപണങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. വിഷയത്തിൽ ബിജെപി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ബോസ്റ്റൺ സർവകലാശാലയിലെ കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റർ ഓഫ് സയൻസ് (എംഎസ്) ബിരുദം നേടിയ അഭിജീത് ദീപ്കെ, സർവകലാശാല നൽകിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് പഠനം പൂർത്തിയാക്കിയതെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് ഇപ്പോഴും തുടരുകയാണെന്നും ബന്ധപ്പെട്ട രേഖകൾ ആർക്കും പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു.