ഓരോ സെക്കന്റും നമുക്ക് വേണ്ടി ഇടിച്ച് കൊണ്ടിരിക്കുന്ന ഹൃദയത്തെ ഓർക്കാൻ ഒരു ദിനം. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്വന്തം ഹൃദയാരോഗ്യത്തിനായി അൽപ്പം സമയം മാറ്റിവെക്കേണ്ടത് ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ്. ഹൃദയസംബന്ധമായ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം സമീപകാലത്തായി വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹൃദയാരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.
കേരളത്തിൽ ഭയപ്പെടുത്തുന്ന രീതിയിലാണ് ഹൃദ്രോഗികളുടെ എണ്ണം ഉയരുന്നത്. സംസ്ഥാനത്തെ 20 ശതമാനത്തിലധികം ആളുകളിൽ ഗുരുതരമായ ഹൃദ്രോഗ സാധ്യതയുള്ളതായി പഠനങ്ങൾ വ്യക്തമാക്കുന്നു. മുൻപ് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഇത്തരം രോഗങ്ങൾ ഇന്ന് ചെറുപ്പക്കാരിലും സർവ്വസാധാരണമായി മാറിക്കഴിഞ്ഞു. അമിതമായ മാനസിക പിരിമുറുക്കവും (Stress) ഹൃദ്രോഗവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മാനസിക സമ്മർദ്ദം വർദ്ധിക്കുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂടുകയും ഇത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും കൃത്യമായ വിശ്രമവും വ്യായാമവുമൊക്കെ ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കും. രക്തസമ്മർദ്ദം ക്രമാതീതമായി ഉയരുന്നതാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക, ഭക്ഷണക്രമത്തിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുക, ഫാസ്റ്റ് ഫുഡും മധുരപലഹാരങ്ങളും അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുക, ദിവസവും യോഗയോ വ്യായാമമോ ശീലമാക്കുക എന്നിവയാണ് ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ പ്രധാനമായും ചെയ്യേണ്ടത്.
ഹൃദയദിനത്തോടനുബന്ധിച്ച് ആഗോളതലത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും, അസുഖങ്ങൾ വരാതെ പ്രതിരോധിക്കാനും, ആരോഗ്യകരമായ ഒരു ജീവിതശൈലി പടുത്തുയർത്താനും ഇത്തരം പ്രചാരണങ്ങൾ സഹായിക്കുന്നു. വേൾഡ് ഹാർട്ട് ഫെഡറേഷന്റെ മുൻ പ്രസിഡന്റ് ഡോ. ആന്റണി ബെയ് ഡി ലൂണയാണ് ലോക ഹൃദയദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. തുടർന്നാണ് സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിച്ചു തുടങ്ങിയത്.