ന്യൂഡൽഹി: ഇന്ത്യയിലെ മടക്കാവുന്ന (Foldable) സ്മാർട്ട്ഫോൺ വിപണി ലക്ഷ്യമിട്ട് പുതിയ എക്സ് ഫോൾഡ് 6 (Vivo X Fold 6) മോഡൽ അവതരിപ്പിക്കാനൊരുങ്ങി വിവോ. കമ്പനി ഔദ്യോഗിക ലോഞ്ച് വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫോണിന്റെ വിലയും പ്രധാന സവിശേഷതകളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. വിവോ എസ്2 എഫ്ഇ (Vivo S2 FE), വിവോ വി80 (Vivo V80) എന്നീ മോഡലുകൾക്കൊപ്പം ഒക്ടോബർ 6-ന് ഫോൺ വിപണിയിലെത്തുമെന്നാണ് സൂചനകൾ.
12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന പതിപ്പിന് 2,19,999 രൂപയും അടിസ്ഥാന മോഡലിന് ഏകദേശം 1,59,999 രൂപയും വില പ്രതീക്ഷിക്കുന്നതായി പ്രമുഖ ടിപ്സ്റ്റർ അഭിഷേക് യാദവ് വ്യക്തമാക്കുന്നു. 6.51 ഇഞ്ച് അമോലെഡ് കവർ ഡിസ്‌പ്ലേയും 8.02 ഇഞ്ച് പ്രധാന അമോലെഡ് ഡിസ്‌പ്ലേയുമാണ് ഫോണിനുണ്ടാവുക. രണ്ട് സ്ക്രീനുകൾക്കും 120Hz റീഫ്രഷ് റേറ്റും 5,000 നിറ്റ്സ് ബ്രൈറ്റ്‌നസും ലഭിക്കുമെന്നാണ് റിപ്പോർട്ട്.
മീഡിയടെക് ഡൈമൻസിറ്റി 9500 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ ആൻഡ്രോയിഡ് 17 അധിഷ്ഠിത ഒറിജിൻഒഎസ് 7 (OriginOS 7) ആയിരിക്കും സർവീസ് സിസ്റ്റം. 80W വയർഡ്, 40W വയർലെസ് ചാർജിങ് പിന്തുണയുള്ള 7,000 mAh ബാറ്ററിയാണ് മറ്റൊരു പ്രധാന ആകർഷണം. ഒഐഎസ് (OIS) പിന്തുണയുള്ള 200 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ്, 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയടങ്ങുന്നതാണ് ക്യാമറ സെറ്റപ്പ്. സെൽഫിക്കായി 20 മെഗാപിക്സൽ ക്യാമറയും ഫോണിലുണ്ടാകും
വിവോ എക്സ് ഫോൾഡ് 6 ഉടൻ ഇന്ത്യയിലെത്തും; വിലയും സവിശേഷതകളും ചോർന്നു