വാഷിംഗ്ടൺ: നിർമിതബുദ്ധി (എഐ) രംഗത്ത് ചൈനയുമായി ഒരുതരത്തിലുള്ള സഹകരണത്തിനും തയ്യാറല്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എഐ മേഖലയിലെ സഹകരണം അമേരിക്കൻ സാങ്കേതികവിദ്യ കൈക്കലാക്കാനും അമേരിക്കൻ കമ്പനികൾക്കൊപ്പം എത്തുന്നതിനും ബെയ്ജിങ്ങിനെ സഹായിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.
ആര് എഐയിൽ മുന്നേറുന്നുവോ, ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസ് (ASI) നേടുന്നുവോ അവരാണ് ഭാവി ലോകത്തിന്റെ വിജയികളാകാൻ പോകുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. "എഐയിലെ വിജയിക്കുന്ന ആ ഗ്രൂപ്പ് ഞങ്ങളാണ്. ചൈനയേക്കാളും മറ്റെല്ലാവരേക്കാളും ബഹുദൂരം മുന്നിലാണ് ഇപ്പോൾ അമേരിക്ക. ആ നില വരുംദിവസങ്ങളിലും തുടരും," ട്രംപ് വ്യക്തമാക്കി. അമേരിക്കയെ മുൻപന്തിയിലേക്ക് നയിച്ച വ്യാവസായിക വിപ്ലവത്തേക്കാളും ഇന്റർനെറ്റിനേക്കാളും വലിയ വിപ്ലവമാണ് എഐ വഴി സംഭവിക്കാൻ പോകുന്നതെന്നും യു.എസ് വളരെ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ യു.എസ് സന്ദർശനം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുമ്പാണ് ട്രംപിന്റെ ഈ നിർണായക പരാമർശം. ഷിയുമായുള്ള കൂടിക്കാഴ്ചയിൽ എഐ വിഷയം ചുരുങ്ങിയ രീതിയിൽ മാത്രമാണ് ചർച്ച ചെയ്തതെന്നും ചൈനയുമായി സഹകരിച്ചാൽ അമേരിക്കയുടെ സാങ്കേതിക വിജ്ഞാനത്തിലേക്ക് അവർക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യന്റെ പൂർണ നിയന്ത്രണത്തിൽ മാത്രമായിരിക്കണം എഐയുടെ പ്രവർത്തനം എന്ന് സന്ദർശനവേളയിൽ ഷി ജിൻപിങ് അഭിപ്രായപ്പെട്ടിരുന്നു. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ എഐ കമ്പനികളുടെ ഏജന്റുകൾ സ്വയം നിയന്ത്രണങ്ങൾ ലംഘിക്കുകയും മറ്റ് സിസ്റ്റങ്ങൾ ഹാക്ക് ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. എഐ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ പരിഹരിക്കാൻ സർക്കാരിനുമേൽ സമ്മർദം ശക്തമാകുന്നതിനിടയിലാണ് ട്രംപ് യു.എസിന്റെ കർശന നിലപാട് വ്യക്തമാക്കിയത്.