തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ഭരണം നിലനിർത്താൻ ബി.ജെ.പി കൗൺസിലർ സുഗതന്റെ പേരിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ ബി.ജെ.പി നേതാവും തിരുവനന്തപുരം മേയറുമായ വി.വി. രാജേഷിനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൗൺസിലർ സുഗതൻ രണ്ടാം പ്രതിയും കോർപ്പറേഷൻ സെക്രട്ടറി മൂന്നാം പ്രതിയുമാണ്.
വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ ഭരണം ഏതുവിധേനയും നിലനിർത്തുന്നതിനായി പ്രതികൾ ഒത്തുകളിച്ച് ഗൂഢാലോചന നടത്തുകയും ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്.
കൗൺസിലർ സുഗതന്റെ ഒപ്പ് മേയർ വി.വി. രാജേഷും കോർപ്പറേഷൻ സെക്രട്ടറിയും ചേർന്ന് വ്യാജമായി ഇട്ടതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നഗരസഭയിലെ ബി.ജെ.പി ഭരണസമിതിയുടെ അഴിമതിയും നിയമലംഘനവുമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മേയർ ഉൾപ്പെടെയുള്ള പ്രമുഖരെ പോലീസ് ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് വിവരം