മാസപ്പടി കേസ്; വീണക്ക് വീണ്ടും ഇഡി സമന്‍സ്, 29ന് ഹാജരാകണം
തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമന്‍സ് അയച്ചു. ഈ മാസം 29-ാം തീയതി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.
കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ ശേഖരിച്ച സുപ്രധാന രേഖകള്‍ ഇനിയും ഇഡിക്ക് ലഭിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് പുതിയ സമന്‍സ്. രേഖകള്‍ കൈമാറാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയം കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. കേസില്‍ നിര്‍ണായകമായ 134 രേഖകളാണ് ഇഡിക്ക് ലഭിക്കേണ്ടത്. ഈ രേഖകള്‍ കൈപ്പറ്റിയ ശേഷമേ വീണയെ വീണ്ടും വിളിച്ചുവരുത്തൂ എന്നായിരുന്നു നേരത്തെയുള്ള സൂചനകളെങ്കിലും, അന്വേഷണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ സമന്‍സ് അയച്ചിരിക്കുന്നത്. രേഖകള്‍ക്കായി ഇഡി ഉദ്യോഗസ്ഥര്‍ എസ്എഫ്‌ഐഒ അന്വേഷണ സംഘവുമായി ഉടന്‍ ചര്‍ച്ച നടത്തും.
കേസുമായി ബന്ധപ്പെട്ട് താല്‍ക്കാലിക കണ്ടുകെട്ടലിനായുള്ള തെളിവ് സമാഹരണമാണ് നിലവില്‍ ഇഡി നടത്തിവരുന്നത്. ഇതിനോടകം തന്നെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമായി 242 ബാങ്ക് അക്കൗണ്ടുകളിലായി 18 കോടി രൂപ ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ വീണ വിജയന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും എക്സാലോജിക് കമ്പനിയുടെ ഒരു അക്കൗണ്ടും ഉള്‍പ്പെടുന്നുണ്ട്.
അതേസമയം, തിരുവനന്തപുരത്തെ എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിലുള്ള വീണയുടെ ലോക്കര്‍ ഇഡി സംഘം തുറന്ന് പരിശോധിച്ചെങ്കിലും സിഎംആര്‍എല്ലുമായുള്ള ഇടപാടിന്റെ സുപ്രധാന രേഖകളൊന്നും അവിടെനിന്ന് ലഭിച്ചില്ലെന്നാണ് സൂചന. അന്വേഷണ ഏജന്‍സികളില്‍ നിന്ന് വീണ ഏതെങ്കിലും തരത്തിലുള്ള രേഖകള്‍ മറച്ചുവെച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ലോക്കറില്‍ പരിശോധന നടത്തിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.