ജിയോയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന പുതിയ ഫാമിലി സേഫ്റ്റി സൊല്യൂഷനായ 'ജിയോ ഷീൽഡ്' അവതരിപ്പിച്ചു. വീടിന് പുറത്തും ഓൺലൈനിലും കുട്ടികൾക്കും പ്രായമായ മാതാപിതാക്കൾക്കും സുരക്ഷ ഉറപ്പാക്കുക, അതോടൊപ്പം അവർക്ക് സ്വതന്ത്രമായി പഠിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള സൗകര്യമൊരുക്കുക എന്നതുമാണ് ഈ സേവനത്തിന്റെ പ്രധാന ലക്ഷ്യം.
കുടുംബാംഗങ്ങളുടെ സുരക്ഷയും ഡിജിറ്റൽ ക്ഷേമവും ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയുന്നതാണ് ജിയോ ഷീൽഡ്. ലൊക്കേഷൻ ട്രാക്കിങ്, സുരക്ഷാ അലർട്ടുകൾ, SOS അലർട്ടുകൾ, ലോ-ബാറ്ററി അലർട്ടുകൾ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. കൂടാതെ കുട്ടികളുടെ സ്‌ക്രീൻ ടൈം നിരീക്ഷിക്കാനും, അവർ ഉപയോഗിക്കുന്ന ആപ്പുകളും കോൺടാക്ടുകളും ആവശ്യാനുസരണം നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് ഇതിലൂടെ സാധിക്കും.
രണ്ട് ആപ്പുകളുടെ ഏകോപനത്തിലൂടെയാണ് ജിയോ ഷീൽഡ് പ്രവർത്തിക്കുന്നത്. മാതാപിതാക്കൾ ഫോണിൽ 'JioThings' ആപ്പും കുട്ടിയുടെ ഫോണിൽ 'JioShield' ആപ്പും ഇൻസ്റ്റാൾ ചെയ്ത് തമ്മിൽ ലിങ്ക് ചെയ്യണം. കുട്ടിയുടെ ഫോണിൽ ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിനു മുകളിലുള്ള ഒ.എസും സജീവമായ ജിയോ നമ്പറും ഉണ്ടായിരിക്കണം. JioThings ആപ്പ് നിലവിൽ ആൻഡ്രോയിഡിൽ ലഭ്യമാണ്; 2026 ഒക്ടോബർ 1 മുതൽ ഐ.ഒ.എസിലും (iOS) ലഭ്യമായിത്തുടങ്ങും. ഇരുവർക്കും രജിസ്റ്റർ ചെയ്യാൻ ജിയോ നമ്പർ നിർബന്ധമാണ്.
ജിയോ ഷീൽഡിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷൻ നിരക്ക് 1,000 രൂപയാണ് (പ്രതിമാസം ഏകദേശം 83 രൂപ). എന്നാൽ പത്താം വാർഷിക പ്രത്യേക ഓഫറിന്റെ ഭാഗമായി 1,000 രൂപയുടെ ജിയോ റീചാർജ് വൗച്ചർ തിരിച്ചുകിട്ടുന്നതിനാൽ ഈ സബ്‌സ്‌ക്രിപ്ഷൻ ഫലത്തിൽ സൗജന്യമായി ലഭിക്കും. കൂടാതെ 4,000 രൂപ മൂല്യമുള്ള 12 മാസത്തെ Canva Pro സബ്‌സ്‌ക്രിപ്ഷനും 28 ദിവസത്തേക്ക് അൺലിമിറ്റഡ് 5G സേവനവും ഇതിനൊപ്പം ലഭിക്കും. റീചാർജ് വൗച്ചർ 399 രൂപയോ അതിനു മുകളിലോ ഉള്ള അൺലിമിറ്റഡ് 5G പ്ലാനുകൾക്ക് ഉപയോഗിക്കാം. ഈ വാർഷിക ഓഫർ 2026 സെപ്റ്റംബർ 26 മുതൽ അർഹരായ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.